Breaking News

മൂന്നുനാൾ നീളുന്ന സിപിഐഎം ജില്ലാസമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ ചെമ്പതാക ഉയർന്നു


കാഞ്ഞങ്ങാട് : മൂന്നുനാൾ നീളുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ ആവേശത്തുടക്കം. ചൊവ്വ രാവിലെയും ഉച്ചക്കുമായി മുനയംകുന്ന്‌, കയ്യൂർ, പൈവളിഗെ, ചീമേനി എന്നിവടങ്ങളിൽ നിന്നും എത്തിച്ച കൊടി, കൊടിമരങ്ങളും ജില്ലയിലെ 28 രക്തസാക്ഷി സ്‌മരണ കുടീരങ്ങളിൽ നിന്നും എത്തിച്ച ദീപശിഖകളും അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ വൈകിട്ട്‌ ആറരയോടെ സംഗമിച്ചു. അവിട നിന്നും റൂറുകണക്കിന്‌ പേരുടെ അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്ന നോർത്ത്‌ കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്ക്‌ നീങ്ങി.

ഏറ്റവും മുമ്പിലായി അനൗൺസ്മെന്റ്‌ വാഹനം, പിന്നാലെ ബാന്റ് സെറ്റ്, തൊട്ടു പിറകിൽ 24 പതാകയേന്തിയ ചുവപ്പ് വളണ്ടിയർമാർ, വളണ്ടിയർമാർക്ക് പിറകിൽ പ്രത്യേക യൂണിഫോം ധരിച്ച 12 വീതം  യുവതി യുവാക്കൾ പതാകയുമേന്തി നടന്നു. പിന്നാലെ സമ്മേളന സ്ഥലത്ത്‌ ഉയർത്താനുള്ള പതാകയും.  തൊട്ടുപിന്നാലെ 28 കേന്ദ്രങ്ങളിൽ നിന്നെത്തിച്ച ദീപശിഖ, പിറകിൽ ബാനറിന്‌ പിന്നാലെ നേതാക്കളും. അതിന്‌ പിറകിലായി രണ്ട്‌ കൊടിമരവും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചു. 

മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്ന് എത്തിച്ച പതാക, ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്നും എത്തിച്ച കൊടിമരത്തിൽ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ ഉയർത്തി. സംഘാടകസമിതി ജനറൽ കൺവീനർ കെ രാജ്‌ മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ പി സതീഷ്‌ ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു, മുതിർന്ന നേതാവ്‌ പികരുണാകരൻ, ജില്ലാസെക്രട്ടറിയറ്റ്‌, ജില്ലാകമ്മിറ്റി അംഗങ്ങൾ സന്നിഹിതരായി. 

ആവേശമായി കൊടി, കൊടിമര, ദീപശിഖാജാഥകൾ

പൊതുസമ്മേളന നഗരിയിൽ ഉയർത്തിയ പതാക മുനയംകുന്ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ജാഥാ ലീഡറർ ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാമിന് കൈമാറി. എൻ വി ശിവദാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ രാജൻ, ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത്, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ എന്നിവർ സംസാരിച്ചു. എം എൻ പ്രസാദ് സ്വാഗതം പറഞ്ഞു. 

തുടർന്ന് അത് ലറ്റുകൾ റിലേയായി പതാക കാഞ്ഞങ്ങാട്ടേക്ക്‌ കൊണ്ടുപോയി. തവളക്കുണ്ട്, ആയന്നൂർ, കൊല്ലാട, കമ്പല്ലൂർ, പെരളം, മൗക്കോട്, കുന്നുംകൈ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. എളേരി ഏരിയുടെ അതിർത്തി കേന്ദമായ പരപ്പച്ചാലിൽ നീലേശ്വരം ഏരിയാസെക്രട്ടറി എം രാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന്‌ കാലിച്ചാമരം, കരിന്തളം വെസ്റ്റ്, കൊല്ലമ്പാറ, ചോയ്യംങ്കോട്, ചായ്യോം, ബങ്കളം, ആലിങ്കിൽ, ചേടിറോഡ്, അടുക്കത്ത് പറമ്പ, കാലിച്ചാംപൊതി, മടിക്കൈ അമ്പലത്തുകര, ചെമ്മട്ടംവയൽ, ആറങ്ങാടി ജംഗ്ഷൻ, ആലാമിപ്പള്ളി ബസ്‌ സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

പൊതുസമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരം ചീമേനി രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ കൈമാറി. ജാഥാ ലീഡർ പി ജനാർദനൻ ഏറ്റുവാങ്ങി. കെ ബാലകൃഷ്‌ണൻ അധ്യക്ഷനായി. പി കമലാക്ഷൻ, കെ ശകുന്തള, രജീഷ്‌ വെള്ളളാട്ട്‌, കെ സജേഷ്‌ എന്നിവർ സംസാരിച്ചു. എം കെ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. ജാഥക്ക്‌ നിടുംബ, ചെമ്പ്രകാനം, ചെറുവത്തൂർ സ്‌റ്റേഷൻ റോഡ്‌, മയിച്ച എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കയ്യൂർ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ മുതിർന്ന നേതാവ്‌ പി കരുണാകരൻ കൈമാറി. ജാഥാ ലീഡർ എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. കയനി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി മാധവൻ മണിയറ, എം രാജീവൻ എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. കയ്യൂർ സെൻട്രൽ, കൂക്കോട്ട്‌ എന്നിവിടങ്ങളിൽ കൊടിമര ജാഥക്ക്‌ സ്വീകരണം നൽകി. 

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്തുന്ന കൊടി പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ജാഥ ലീഡർ കെ ആർ ജയാനന്ദക്ക്‌  കൈമാറി. പുരുഷോത്തമ ബള്ളൂർ അധ്യക്ഷനായി.  ജില്ലാസെക്രട്ടറിയറ്റ് അംഗം എം സുമതി  സംസാരിച്ചു. എം ചന്ദ്രനായിക്ക് സ്വാഗതം പറഞ്ഞു. ജാഥക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. 

തുടർന്ന്‌ രാത്രി എട്ടരക്ക്‌ ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ നാടകവും അരങ്ങേറി.

ദീപശിഖ ഇന്ന്‌ കൊളുത്തും

പ്രതിനിധി സമ്മേളന നഗരിയായ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ ബുധൻ രാവിലെ ദീപശിഖ കൊളുത്തും. 28 രക്തസാക്ഷി സ്‌മൃതി കുടീരത്തിൽ നിന്നും ചൊവ്വ രാത്രി എത്തിച്ച ദീപശിഖ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ സമ്മേളന നഗരിയിലെ വലിയ ദീപത്തിലേക്ക്‌ പകരും. 

കയ്യൂരിൽ നിന്നും എത്തിച്ച കൊടിമരത്തിൽ പൈവളിഗെയിൽ നിന്നും എത്തിച്ച പതാക മുതിർന്ന നേതാവ്‌ പി കരുണാകരനും ഉയർത്തും.  


ജില്ലാസമ്മേളനത്തിന്റെ ഭാഗമായ സാംസ്‌കാരിക പ്രഭാഷണം ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ നടക്കും. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. തുടർന്ന്‌ നിലാമഴ ഗസൽ സന്ധ്യയും അരങ്ങേറും.

No comments