Breaking News

ജില്ലയിലെ വ്യാവസായിക മേഖല വിപുലീകരിച്ച് കാര്യക്ഷമമാക്കണം ; സിപിഐ എം ജില്ലാസമ്മേളനം


കാഞ്ഞങ്ങാട് : ജില്ലയിലെ വ്യാവസായിക മേഖല വിപുലീകരിച്ച് കാര്യക്ഷമമാക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ശ്രദ്ധേയമായ ഒരു വ്യവസായ സ്ഥാപനംപോലും ജില്ലയിൽ യാഥാർഥ്യമായിട്ടില്ല. എൽഡിഎഫ് സർക്കാറുകളുടെ കാലത്ത് ആരംഭിച്ചതും പുനരുദ്ധീകരിച്ചതുമായ സ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മൊഗ്രാൽപുത്തൂരിലെ ബെൽ ഇഎംഎൽ യുഡിഎഫ് കാലത്ത് അടച്ചുപൂട്ടി. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കമ്പനി ഏറ്റെടുത്തത് വലിയ തീരുമാനമായി. 77 കോടി രൂപയാണ് പുനരുദ്ധരണ പാക്കേജായി പ്രഖ്യാപിച്ചത്. എന്നാൽ തുക പൂർണമായും കിട്ടിയില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി. മയിലാട്ടിയിൽ 24 ഏക്കർ ഭൂമി സ്വന്തമായുള്ള ഉദുമ തുണിമില്ലിന്റെ അവസ്ഥയും സമാനമാണ്. 140 തൊഴിലാളികൾ ജോലിയെടുക്കുന്നു. പ്രവർത്തന ചെലവ് വരവിനെക്കാൾ കൂടുതലായ സ്ഥാപനത്തെ രക്ഷിക്കാനും അടിയന്തിര നടപടി വേണം. കാസർകോട് നെല്ലിക്കുന്നിലെ അസ്ട്രോൾ വാച്ച് കമ്പനി പ്രവർത്തിച്ച സ്ഥലത്തും നവീനമായ വ്യവസായങ്ങൾ തുടങ്ങണമെന്ന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ കായിക അക്കാദമി സ്ഥാപിച്ച് ജില്ലയുടെ കായിക പിന്നാക്കാവസ്ഥ പരിഹരിക്കുക, ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കാര്യക്ഷമവും നിക്ഷേപ സാധ്യതകളും പൂർണമായും ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനം ഊർജിതപ്പെടുത്തുക, റെയിൽവേ രംഗത്ത് ജില്ലയനുഭവിക്കുന്ന പരാധീനതകൾ പരിഹരിക്കാൻ സമഗ്ര വികസന നടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

No comments