പാറമടയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ നാട് വീണ്ടും ആശങ്കയിൽ... ഡിഎഫ്ഒ അഷ്റഫിന്റെ അധ്യക്ഷതയിൽ ബേഡഡുക്ക പഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ യോഗം ചേർന്നു
കൊളത്തൂർ : പാറമടയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ നാട് വീണ്ടും ആശങ്കയിലായി. എവിടെയാണ് പുലി പതുങ്ങിയിരിക്കുന്നതെന്ന് അറിയില്ല. എത്ര പുലി നാട്ടിലിറങ്ങിയെന്നും നിശ്ചയമില്ല, ജോലിക്ക് പോകുന്നതും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതും എല്ലാം പേടിയോടെ. കൊളത്തൂരിലും പയസ്വിനി പുഴയോരങ്ങളിലും ജീവിക്കുന്നവർക്ക് ആശങ്കയൊഴിയുന്നില്ല. തെല്ലാശ്വാസത്തോടെയാണെയാണ് ബുധൻ വൈകിട്ട് ചാളക്കാട് മടന്തക്കോട് പുലി പാറക്കെട്ടിൽ കുടുങ്ങിയ വാർത്ത നാട് കേട്ടത്. എന്നാൽ വ്യാഴം പുലർന്നപ്പോൾ വനം വകുപ്പ് ആർആർടി സംഘത്തെ വെട്ടിച്ച് പുലി കടന്നുകളഞ്ഞ വാർത്തയാണ് കേട്ടത്. മാസങ്ങളായി സമാധാനം നഷ്ടപ്പെട്ട നാട്ടുകാരെ ഇത് വീണ്ടും ഭീതിയിലാക്കി. കുടുങ്ങിയിട്ടും രക്ഷപ്പെട്ടു ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ബുധൻ വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ മകൾ മകൾ അനുപമ തോട്ടത്തിൽ വെള്ളം ഒഴിക്കാൻ പോയപ്പോഴാണ് പുലിയെ കണ്ടത്. പാറക്കെട്ടിലെ തുരങ്കത്തിൽ ഒളിച്ച പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കല്ല് വെച്ച് അടച്ച് വല വിരിച്ചു. വ്യാഴം പുലർച്ചെ മൂന്നിനാണ് വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കണ്ണൂർ ആറളത്ത് നിന്നുമെത്തിയ വിദഗ്ധ സംഘം കല്ലും വലയും മാറ്റി മയക്കുവെടി വച്ചപ്പോൾ പുലി ഷൂട്ടർക്ക് നേരെ കുതിച്ച് ചാടി. തുടർന്ന് കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. അതിനിടെ വ്യാഴം രാവിലെ ആറിന് എരിഞ്ഞിപ്പുഴ ഒയോലത്ത് വിശ്വംഭരന്റെ റബർ തോട്ടത്തിൽ മുള്ളൻപന്നിയെ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. റബർ ടാപ്പിങ് തൊഴിലാളികളാണ് കണ്ടത്. പുലി തലേദിവസം രാത്രിയിൽ ആക്രമിച്ച് ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ആശ്വാസം, പിന്നെ നിരാശ പുലി കുടുങ്ങിയതറിഞ്ഞ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബേഡകം പൊലീസും സ്ഥലത്തെത്തി. വൻജനക്കൂട്ടവും തടിച്ചുകൂടി. പാറക്കെട്ടിൽ കുടുങ്ങിയത് പുലി തന്നെയെന്ന് ഗർജനം കേട്ടും ടോർച്ച് വെളിച്ചത്തിൽ കണ്ടും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ രണ്ട് കിലോമീറ്റർ ദൂരം കയർ കെട്ടി. മാനന്തവാടി, കണ്ണൂർ ആറളം എന്നിവിടങ്ങളിൽ നിന്നും ആർആർടി സംഘം രാത്രി പുറപ്പെട്ടു. പുലർച്ചെ സംഘം സ്ഥലത്തെത്തി. പുലി രക്ഷപ്പെട്ടതിനെ തുടർന്നുള്ള തിരച്ചിൽ മൂടൽ മഞ്ഞ് കാരണം പ്രയാസമായി. ഡാൺ പറത്തിയും ഡ്രൈവ് നടത്തി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.പലയിടത്തും കണ്ടു പുലിയെ കുണ്ടംകുഴി, കൊളത്തൂർ ഭാഗങ്ങളിൽ നായകളെ വേട്ടയാടിയാണ് പുലി പരിഭ്രാന്തി പടർത്തുന്നത്. മുളിയാർ വനത്തിൽ നിന്നും പയസ്വിനി പുഴ കടന്ന് ബേഡകം വനത്തിലൂടെയാണ് പുലി ജനവാസ മേഖലയിലിറങ്ങിയത്. കഴിഞ്ഞ മാസങ്ങളിൽ നിരവധി പേർ പുലിയെ നേരിട്ട് കണ്ടു. കൊളത്തൂരിലെ പഞ്ചായത്തംഗം എം ഗോപാലകൃഷ്ണൻ കളവയലിലെ കൃഷിതോട്ടത്തിൽ പുലർച്ചെ പുലിയെ കണ്ടു. കല്ലളി കോളോട്ട് ടാപ്പിങ്ങിന് പോയി മടങ്ങുമ്പോൾ കോട്ടയം സ്വദേശി ശിവദാസിന്റെ തൊട്ടടുത്ത് പുലി. തലക്ക് കെട്ടിയ ടോർച്ചിന്റെ വെളിച്ചത്തിലാണ് പുലിയെ കണ്ടത്. കോളോട്ട് ബാലചന്ദ്രന്റെ റബർ തോട്ടത്തിന് സമീപമുള്ള അഞ്ച് ഏക്കറോളമുള്ള കാട്ടിൽ നിന്നാണ് പുലി ഇറങ്ങി വന്നത്. തുടർന്ന് കാട്ടിലേക്ക് തന്നെ തിരിച്ചുപോയി. കൊളത്തൂർ കരക്കയടുക്കത്ത് പുലി തെരുവ് നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടിരുന്നു. കരക്കയടുക്കം ഉന്നതിക്ക് സമീപം ചെങ്കൽപണയിൽ സമീപവാസി രാഘവൻ നായരാണ് നായയുടെ വികൃതമാക്കപ്പെട്ട രൂപം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സമീപത്തെ നാലോളം വളർത്തുനായിക്കളെ കാണാതായതായും പറയുന്നു.ഡ്രൈവ് സജീവമാക്കും, കാട് വെട്ടിത്തെളിക്കും ബേഡഡുക്ക പഞ്ചായത്തിലെ പുലി ഭീഷണിയെ തുടർന്ന് ഡിഎഫ്ഒ അഷ്റഫിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വൈസ് പ്രസിഡന്റ് എ മാധവൻ, എഡിഎം പി അഖിൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഡ്രൈവ് സജീവമാക്കാനും ജനകീയ കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചു. പുലി സാന്നിധ്യമുള്ള ഇടങ്ങളിൽ കാട് വെട്ടി തെളിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിക്കായി കലക്ടറോട് ആവശ്യപ്പെടും. ജില്ലയിൽ ദ്രുതകർമ സേനക്ക് കെട്ടിട സൗകര്യം, വെറ്ററിനറി കെയർ യൂണിറ്റ് എന്നിവ സ്ഥാപിക്കാൻ കാസർകോട് വികസന പാക്കേജിൽ ഫണ്ട് അനുവദിക്കണമെന്ന് എംഎൽഎയോട് ആവശ്യപ്പെടും.
No comments