ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മുളിയാർ, വീട്ടിയടുക്കം അംഗനവാടി പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ
കാസർകോട് : ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിയിറങ്ങി. മുളിയാർ, വീട്ടിയടുക്കത്താണ് പുലിയെ കണ്ടത്. അംഗനവാടി പരിസരത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ 5.45 ന് റബ്ബർ ടാപ്പിംഗിനു പോവുകയായിരുന്ന സജി എന്നയാളാണ് പുലിയെ കണ്ടത്. ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിച്ചു. നെഞ്ചിടിപ്പോടെയാണ് മലയോരത്തെ ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലെ പയസ്വിനിപ്പുഴയോട് ചേർന്ന ഗ്രാമങ്ങളിൽ പുലിയിറങ്ങുന്നത് കൂടിവരികയാണ്. കാനത്തൂർ, വിട്ടിയടുക്കം, മൂടയംവിട്, നെയ്യംകയം, കൊട്ടംകുഴി, പാണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളെ കാണാതാവുന്നത് സാധാരണയാണ്. ഇടക്കിടെ നാട്ടുകാർ പുലിയെ കാണുന്നുമുണ്ട്. ഒരേ സമയം രണ്ടു പുലികളെ വരെ കണ്ടെത്തിയിരുന്നു.
No comments