ബേക്കലിൽ ട്രെയിനിന് നേരെ കല്ലറിഞ്ഞു ; റെയിൽവേ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി
കാസർകോട്: ട്രെയിൻ യാത്രക്കിടയിൽ പെൺസുഹൃത്തിനെ മോശമായ അർത്ഥത്തിൽ നോക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ റെയിൽവേ പൊലീസ് മണിക്കൂറൾക്കകം പിടികൂടി. തെക്കിൽ മയിലാട്ടി സ്വദേശി എസ് അനിൽകുമാറാ(41)ണ് പിടിയിലായത്. കാസർകോട് റെയിൽവേ പൊലീസ് എസ്എച്ച്ഒ എം റെജികുമാറിന്റെ നേതൃത്വത്തിൽ എഐ എംവി പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനീഷ്, സിവിൽ പൊലീസ് ഓഫീസർ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതുവഴിയാണ് പൊയിനാച്ചിയിൽ വച്ച് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച രാത്രി 7.30 ഓടെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി അക്രമം നടത്തിയത്. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസിലെ ജനറൽ കോച്ചിലെ യാത്രക്കാരായിരുന്നു പരാതിക്കാരനും പ്രതിയും. യാത്രക്കിടയിൽ പരാതിക്കാരനായ മലപ്പുറം, വെളിയങ്കോട് സ്വദേശി കെ.റിജാസിന്റെ പെൺ സുഹൃത്തിനെ പ്രതി മോശമായി നോക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത വിരോധത്തിൽ പരസ്പരം വാക്കേറ്റം നടന്നിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിയും സുഹൃത്തും ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയശേഷം പരാതിക്കാരന്റെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരനെ ആക്രമിക്കാനായി ട്രെയിനിന് നേരെ കല്ലെറിഞ്ഞു. യുവാവ് അക്രമാസക്തനാവുകയും കല്ലെറിയുകയും ചെയ്യുന്ന വിഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരാതി ലഭിച്ചയുടെൻ റെയിൽവേ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നു.
No comments