മലയോര ഹൈവേയുടെ കോളിച്ചാൽ-- -എടപറമ്പ റീച്ച് ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വനം വകുപ്പിന് കൈമാറേണ്ട ഭൂമി മാലോം വില്ലേജിൽ കണ്ടെത്തി വനം വകുപ്പിന് കൈമാറി ഉത്തരവിറക്കി
തിരുവനന്തപുരം : മലയോര ഹൈവേയുടെ ജില്ലയിലെ ഭാഗമായ കോളിച്ചാൽ-- -എടപറമ്പ റീച്ച് ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 85.15 കോടി രൂപയുടെ സാമ്പത്തികാനുമതി ഈ റീച്ചിന് നൽകിയിരുന്നു. 24 കിലോമീറ്റർ വരുന്ന റോഡിന്റെ 3.95 കിലോമീറ്റർ വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ മലയോര ഹൈവേ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. വനഭൂമിയിലൂടെയുള്ള മലയോര പാത നിർമാണത്തിന് ആവശ്യമായ പകരം ഭൂമി കണ്ടെത്തി വനവകുപ്പിന് കൈമാറിയാൽ മാത്രമേ വനഭൂമിയിലൂടെയുള്ള റോഡ് നിർമാണത്തിന് അനുമതി ലഭ്യമാകൂ. വനം വകുപ്പിന് കൈമാറേണ്ട തത്തുല്യമായ 4.33 ഹെക്ടർ ഭൂമി മാലോം വില്ലേജിൽ കണ്ടെത്തി. ഇത് വനം വകുപ്പിന് കൈമാറി ഉത്തരവിറക്കി. വനം വകുപ്പിൽ നിന്ന് സ്റ്റേജ് -1, സ്റ്റേജ് -2 അപ്രൂവൽ ലഭ്യമാക്കുന്നതിനുള്ള രേഖകൾ കൈമാറുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തതായി മന്ത്രി അറിയിച്ചു.പള്ളഞ്ചി ഒന്ന്, പള്ളഞ്ചി- രണ്ട് പാലങ്ങളുടെ നിർമാണവും ബാക്കി റോഡ് നിർമാണ പ്രവൃത്തിയും വനഭൂമി ലഭ്യമായതിനുശേഷം ഒറ്റ പദ്ധതിയായി നടപ്പിലാക്കാനാണ് തീരുമാനിച്ചത്. കാവുങ്കൽ പാലം, അപാച്ച് റോഡ് എന്നിവയുടെ നിർമാണത്തിന് പരിഷ്കരിച്ച അലൈൻമെന്റ്, കാവുങ്കൽ പാലത്തിന്റെ പ്രാഥമിക രൂപകൽപന എന്നിവ ഡിസൈൻ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. പ്രവൃത്തിയുടെ വിശദ പദ്ധതി റിപ്പോർട്ട്, പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റ് മുഖേന തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
No comments