
തൃക്കരിപ്പൂർ : രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ബുധനാഴ്ച തുടക്കം. രാവിലെ എട്ടിന് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽനിന്നും തൃക്കരിപ്പൂർ ചക്രപാണി മഹാക്ഷേത്രത്തിൽനിന്നും ദീപവും തിരിയും കൊണ്ടുവരും.തുടർന്ന് കന്നികലവറയിൽ ദീപം തെളിയിക്കലും വിഭവ പ്രദർശനവും. കണ്ണമംഗലം കഴകം, താഴക്കാട്ട് മന എന്നിവിടങ്ങളിൽനിന്നും കലവറ വിഭവമെത്തും. പകൽ രണ്ടിന്കാവില്യാട്ട് കാവിലേക്ക് എഴുന്നള്ളത്ത്. ഉച്ചത്തോറ്റം വരവ്, സംഗീതാർച്ചന. വൈകിട്ട് നാലിന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് മെഗാ മ്യൂസിക്കൽ നൈറ്റ്. വല്ലപ്പായയിലാണ്, സ്നേഹമൂട്ടൽകളയാട്ടത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന കലവറയിലേക്കുള്ള വല്ലപ്പായ വെമ്പിരിഞ്ഞൻ തറവാട്ടിൽനിന്നും സമർപ്പിച്ചു. വയലോടിയിലെ വെമ്പിരിഞ്ഞൻ തറവാട്ടിലെ വി ബാലൻ, ശശി എന്നിവരുടെ നേതൃത്വത്തിൽ തറവാട്ടംഗങ്ങൾ ചേർന്നാണ് വല്ലപ്പായ തയ്യാറാക്കി സമർപ്പിച്ചത്. കഴകം തട്ടിന് താഴെ അരയാൽ മരച്ചുവട്ടിൽ വല്ലപ്പായ സമർപ്പിച്ചശേഷം അന്തിത്തിരിയന്മാർ, ആചാരക്കാരോടൊപ്പമെത്തി കുറിയിട്ട് സ്വീകരിച്ചു. ഒമ്പതുമുതൽ 12 വരെയുള്ള അന്നദാനം നടത്താൻ തയ്യാറാക്കുന്ന ചോറ് വല്ലപ്പായയിലാണ് സംഭരിക്കുക. കളിയാട്ടത്തിന്റെ ഭാഗമായി നടന്ന മറുത്തുകളി-- പൂരക്കളി അരങ്ങേറ്റത്തിന്റെ ഭാഗമായി തെക്കേ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയനും, തുരുത്തിപ്പള്ളി നാരായണൻ അന്തിത്തിരിയനും ദീപം തെളിച്ചു.കേരള പൂരക്കളി അക്കാദമി സെക്രട്ടറി വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി വി ശശിധരൻ അധ്യക്ഷനായി. എം വി അപ്പു പണിക്കർ, പി ദാമോദരൻ പണിക്കർ, കെ നാരായണൻ പണിക്കർ, പി ഭാസ്കരൻ പണിക്കർ, പിലാക്കൽ അശോകൻ, മാമുനി സുരേശൻ, കെ തമ്പാൻ എന്നിവർ സംസാരിച്ചു.പി അരവിന്ദാക്ഷൻ സ്വാഗതവും, പി പി ശശിധരൻ നന്ദിയും പറഞ്ഞു.തുടർന്ന് രാജീവൻ പണിക്കർ കൊയോങ്കര, പി രാജേഷ് പണിക്കർ അണ്ട്രോൾ എന്നിവർ മറുത്തുകളി അവതരിപ്പിച്ചു.
No comments