Breaking News

വെസ്റ്റ് എളേരി താലോലപ്പൊയിൽ ഉന്നതിയുടെ മുഖച്ഛായ മാറ്റാൻ പദ്ധതി.. ഉന്നതിയിൽ നടന്ന പ്രത്യേക ഊരുകൂട്ടം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


ഭീമനടി : താലോലപ്പൊയിൽ ഉന്നതിയുടെ മുഖച്ഛായ മാറ്റാൻ പദ്ധതിക്ക് രൂപം നൽകി എംഎൽഎയുടെ നേതൃത്വത്തിൽ ഒരുകൂട്ടം യോഗം. വെസ്റ്റ് എളേരി പഞ്ചായത്തിലെ താലോലപ്പൊയിൽ ഉന്നതിയിൽ ജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പ് ഡോ.അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി താലോലപ്പൊയിൽ ഉന്നതിയിൽ ഒരു കോടിരൂപ അനുവദിച്ചത്.എം രാജഗോപാലൻ എംഎൽഎയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പദ്ധതിക്ക് രൂപം നൽകിയത്.ഒരു കോടിരൂപ ചിലവഴിച്ച് നടത്തേണ്ട പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ ആണ്   കോളനിയിൽ പ്രത്യേക ഊരുകൂട്ടം യോഗംനടത്തി. കമ്മ്യൂണിറ്റി ഹാൾ നവീകരണം, കുടിവെള്ള പദ്ധതിയുടെ നവീകരണം, റോഡ് കോൺക്രീറ്റ്, വീടില്ലാത്തവർക്ക് വീട്, വീട് പുതുക്കി പണിയൽ, സ്മശാനത്തിൽ വൈദ്യുതീകരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നടക്കും. പ്രത്യേക ഊരുകൂട്ടം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഊരുകൂട്ടം മൂപ്പൻ എം രാജു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹൻ,വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി വി അഖില, പഞ്ചായത്ത് അംഗങ്ങളായ ഇ ടി ജോസ്, ടി വി രാജീവൻ, ഷെരീഫ് വാഴപ്പള്ളി, ട്രൈബൽ ഓഫീസർ എം അബ്ദുൽ സലാം, പി ആർ ചാക്കോ, എ അപ്പുക്കുട്ടൻ, ടി കെ സുകുമാരൻ, പി എം മത്തായി എന്നിവർ സംസാരിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ ബാബു സ്വാഗതവും, പ്രമോട്ടർ അനിത നന്ദിയും പറഞ്ഞു.

No comments