Breaking News

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ കാലിക്കടവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


നീലേശ്വരം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ കാലിക്കടവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്. കാസർകോട് നിന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ സർക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സർക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണിൽ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. ദേശീയ പാത വികസനമടക്കം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. എൽഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016 നോടെ വിരാമമായെന്നും ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും കേരളത്തിന് അർഹമായ സഹായം കേന്ദ്രത്തിൽ നിന്നും ലഭിച്ചില്ല. ജനത്തിനും സർക്കാരിനും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കേന്ദ്ര സർക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments