കാസർഗോഡ് ചൂരിത്തടുക്കയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതി; വേറെയും കേസുകൾ, പ്രതി റിമാന്റിൽ
കാസർകോട്: 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതിയായ ബംബ്രാണ, ചൂരിത്തടുക്കയിലെ അബ്ദുൽ ബാസിത്ത് (32) എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുമ്പള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുന്നാൾ ദിനമായ തിങ്കളാഴ്ച ഉച്ചക്കാണ് വാറന്റ് പ്രതിയായ അബ്ദുൽ ബാസിത്ത് കുമ്പള എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആർ പ്രജിത്ത്(38), സിവിൽ എക്സൈസ് ഓഫീസർ രാജേഷ് പി (25), അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി മുരളി (30), സിവിൽ എക്സൈസ് ഓഫീസർ ടി.വി അതുൽ (30) എന്നിവരെ ആക്രമിച്ചത്. നേരത്തെ പെർള ചെക്ക് പോസ്റ്റിൽ വച്ചു 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ ബാസിത്ത്. പ്രസ്തുത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കെതിരെ ജില്ലാ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതി പെരുന്നാൾ ദിനത്തിൽ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ചൂരിത്തടുക്കയിലെ വീട്ടിൽ എത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പ്രതി വഴങ്ങിയില്ല. തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടയിൽ സിവിൽ എക്സൈസ് ഓഫീസറായ രാജേഷിനെ ചവിട്ടി വീഴ്ത്തി. അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസറായ കെ.ആർ പ്രജിത്തിനു സ്റ്റീൽ ദണ്ഡ് കൊണ്ട് കുത്തേറ്റത്. സാഹസികമായി പ്രതിയെ കീഴടക്കിയ എക്സൈസ് സംഘം കോടതിയിൽ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ബാസിത്തിനെതിരെ കുമ്പള പൊലിസ് വധശ്രമത്തിനു കേസെടുത്തു. ഇയാൾ നേരത്തെ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പ്രതിയായിരുന്നു. ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുനാമി കോളനിയിലെ സാക്കിർ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് പ്രതിയായിരുന്നത്. ഈ കേസിൽ അബ്ദുൽ ബാസിത്തിനെയും കൂട്ടു പ്രതികളെയും കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഈ കേസ് കൂടാതെ മറ്റു മൂന്നു അക്രമകേസുകളിൽ കൂടി അബ്ദുൽ ബാസിത്ത് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
No comments