വേനൽ മഴയിലും കാറ്റിലും മലയോരത്തടക്കം ജില്ലയിൽ പലയിടത്തും വ്യാപക നാശം
രാജപുരം : വേനൽ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ശക്തമായ മഴയാണ് മലയോര മേഖലയിൽ ഉൾപ്പെടെ ഉണ്ടായത്. പാണത്തൂർ കല്ലപ്പള്ളി ഭാഗത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും ദൊഡമനയിലെ ജവഹർലാലിന്റെ വീടിന്റെ മേൽക്കൂര തകർന്നു. വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റിൽ നിലംപൊത്തി. കല്ലപ്പള്ളിയിലെ ധനജയന്റെ വീട് മരം വീണ് തകർന്നു. ഇവർ തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറി. പനത്തടി കള്ളാർ, കോടോം ബേളൂർ പഞ്ചായത്തിലെ നിരവധി കർഷകരുടെ നൂറുകണക്കിന് കവുങ്ങ്, തെങ്ങ്, വാഴ, റബർ എന്നിവ ഒടിഞ്ഞുവീണു. കൃഷി നാശം ഉണ്ടായ സ്ഥലം പഞ്ചായത്ത് മെമ്പർ ആരുൺ രംഗത്തുമല, സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി തമ്പാൻ, കെ കെ മനോജ് കുമാർ എന്നിവർ സന്ദർശിച്ചു.ചിറ്റാരിക്കാൽകനത്ത കാറ്റിലും മഴയിലും പാലാവയൽ വില്ലേജിലെ പാലാവയൽ, ഓടപ്പള്ളി, മെയ്യാൽ, മലാംകടവ്, ചാവറഗിരി, വെള്ളക്കല്ല്, ഓടപ്പള്ളി, മുനയംകുന്ന് പ്രദേശങ്ങളിൽ വ്യാപക നാശം. പാലാവയലിൽ ഓടപ്പള്ളി പ്രദേശത്തെ സെന്റ് ജോൺസ് പള്ളി, എ കെ ജോൺ അറയ്ക്കൽ, എ കെ ജോർജ് അറയ്ക്കൽ, ബിജു മാപ്പിളപറമ്പിൽ, ദേവസ്യ നരിമറ്റം, ജോർജുകുട്ടി മണ്ണൻഞ്ചേരിൽ, ജിജോ മണ്ണൻഞ്ചേരിൽ, ബേബി മണിമല, ഷാജു പൊട്ടംപ്ലാക്കൽ, ബേബി പൊട്ടംപ്ലാക്കൽ, ജോഷി അന്ത്യാംകുളം, ജോബി അന്ത്യാംകുളം, ജോസ് പള്ളിക്കുന്നേൽ, ഓടക്കൊല്ലി- വെള്ളക്കല്ല് ഭാഗത്ത് പാമ്പക്കൽ തോമസ്, ജോസ് വട്ടക്കുന്നേൽ, കുഞ്ഞുമോൻ പോട്ടോത്ത്, ബെന്നി നെല്ലംകുഴിയിൽ, ഷാജു കുറ്റിയാനി തറപ്പോൽ എന്നിവരുടെ വീടുകൾ മരം വീണ് ഭാഗകമായി തകർന്നു. മെയ്യാലിൽ ഷാജു ആനത്താറയിൽ, കുര്യാച്ചൻ അന്ത്യാംകുളം, കുരിശുംമൂട്ടിമലയിൽ ജോസ്, കൂട്ടുങ്കൽ ഷാജി എന്നിവരുടെ വീടുകളും ഭാഗിമായി തകർന്നു. ജോസഫ് കൊല്ലംപറമ്പിൽ, ആന്റണി ചാമക്കാല, ബാബു പോത്തനാമല, തറപ്പേൽ അപ്പച്ചൻ, ആന്റണി വേലിക്കകത്ത്, കണിയാംകുന്നേൽ ജോണി, കാരക്കാട്ട് ബോബി എന്നിവർക്ക് കൃഷി നാശമുണ്ടായി. മലാംങ്കടവിൽ ഇടയാൽ ബേബി, തോമസ് വലിയവിള, സെബാസ്റ്റിൻ ആനക്കല്ലിങ്കൽ എന്നിവരുടെ വീടിന് കേടുപറ്റി. പൊരിയത്ത് ജോസഫിന്റെ കോഴി ഫാം കാറ്റിൽ തകർന്നു. സുനിൽ കൂട്ടുങ്കൽ, ചെറിയാൻ പനന്തോട്ടം, ബോബി മാത്തശ്ശേരിൽ, ജോപ്പച്ചൻ ഞെഴുകുംകാട്ടിൽ എന്നിവർക്കും വ്യാപക നഷ്ടം നേരിട്ടു. മുനയംകുന്നിൽ ഓസ്റ്റിൻ എളമ്പാശേരിയുടെ വീട്ടിനു മുകളിൽ മരം വീണ്ട് ഭാഗമായി തകർന്നു.
ഒറ്റമാവുങ്കാലിൽ 300 വാഴ നശിച്ചു. പടുപ്പ് വേനൽ മഴയിലും കാറ്റിലും വ്യാപകമായി വാഴകൃഷി നശിച്ചു. ഒറ്റമാവുങ്കാലിലെ കർഷകൻ ടി രാധാകൃഷ്ണന്റെ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. പഞ്ചായത്ത് റോഡരികിൽ അമ്പത് സെന്റ് കൃഷിയിടത്തിലെ മുന്നൂറിലധികം ഏത്ത വാഴകളാണ് നശിച്ചത്. ഒരു ചുവട്ടിൽ രണ്ട് വാഴ എന്ന നിലയിൽ കൃഷി ചെയ്തതിനാൽ കൂടുതൽ നേട്ടം പ്രതീക്ഷിച്ചുവെങ്കിലും വലിയ നഷ്ടമുണ്ടായി.
No comments