കുമ്പള : തകരാറിലായ വാട്ടർ കംപ്രഷൻ മെഷീൻ നന്നാക്കാനുള്ള ശ്രമത്തിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പള, അനന്തപുരം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ചിക്കൻ പ്രോട്ടീൻ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാർ (32) ആണ് മരിച്ചത്. ഒറീസ, കന്തമാൻ സ്വദേശിയാണ്. ബുധനാഴ്ച പുലർച്ചെ മൂന്നരമണിയോടെയാണ് അപകടം. ഷിഫ്റ്റിലെ ജോലിക്കാരനായിരുന്നു സുജിത്. പുലർച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങൾ കഴുകി വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടം. തകരാറിലായിരുന്ന വാട്ടർ കംപ്രഷൻ മെഷീൻ നന്നാക്കാനുള്ള ശ്രമത്തിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആറുമാസം മുമ്പാണ് സുജിത് കുമാർ കിൻഫ്രാ പാർക്കിൽ ജോലിക്കെത്തിയത്.
No comments