Breaking News

പന്തെടുക്കാൻ ഇറങ്ങാനുള്ള ശ്രമത്തിനിടെ 45 അടി താഴ്ചയുള്ള കിണറിലേക്ക് പിടിവിട്ട് വീണ് 10 വയസുകാരന് ഗുരുതര പരിക്ക്


പയ്യന്നൂർ : പന്തെടുക്കാൻ ഇറങ്ങാനുള്ള ശ്രമത്തിനിടെ 45 അടി താഴ്ചയുള്ള കിണറിലേക്ക് പിടിവിട്ട് വീണ് 10 വയസുകാരന് ഗുരുതര പരിക്ക്. എരമം, കണ്ണാപ്പള്ളിപൊയിലിലെ ഇതരസംസ്ഥാന തൊഴിലാളി സിദപ്പയുടെ മകൻ കൃഷ്ണയാണ് കിണറ്റിൽ വീണത്. കളിക്കുന്നതിനിടെ പന്ത് അയൽവാസിയായ നബിസയുടെ വീട്ടുകിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല.
പന്തെടുക്കാൻ കയർ പിടിച്ച് കുട്ടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വിഴ്ചയുടെ ആഘാതത്തിൽ കാലിന്റെ തുടയെല്ല് പൊട്ടി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പെരിങ്ങോം ഫയർഫോഴ്സിനെ വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഷെറിൽ ബാബുവിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തിയാണ് കൃഷ്ണയെ കിണറിന് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

No comments