മലയോരത്തെ ദളിത് പെൺകുട്ടിയുടെ മരണം: പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
രാജപുരം : മലയോരത്തെ 17 കാരിയായ ദളിത് പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണ്ണാടക മടിക്കേരി അയ്യങ്കേരിയിൽ നിന്നും അറസ്റ്റു ചെയ്യുകയും റിമാന്റിലാവുകയും ചെയ്ത പൗലോസിനെ മൂന്ന് ദിവസത്തേക്ക് കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.
തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മൂന്ന് ദിവസം അനുവദിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തി പാണത്തൂർ പുഴയിൽ പവിത്രംകയയിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് ബിജു പൗലോസ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. മൃതദേഹം പുഴയിലൊഴുക്കാൻ കൊണ്ടുപോയ വാഹനത്തിന്റെ ഉടമയേയും വാഹനം ഓടിച്ചവരേയും അന്വേഷണ സംഘത്തിന് കണ്ടത്തേണ്ടതുണ്ട്. 2017 ൽ പെൺ കുട്ടിയുടെ മലയോരത്തെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകൻ 25 ലക്ഷം രൂപ കിട്ടിയാൽ കേസ് ഒത്തുതീർത്തു കൂടേയെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളോട് അന്വേഷിച്ചിരുന്നു. 25 ലക്ഷം രൂപ മുടക്കാൻ തയ്യാറായ സമ്പന്നനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് ഐജിക്കും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം കേരള ഹൈക്കോടതിയുടെ ശ്രദ്ധയിലും പെടുത്തി.
ഏതാനും വർഷങ്ങളായി കേരള ഹൈക്കോടതിയുടെ നിരീ ക്ഷണത്തിലാണ് പെൺകുട്ടിയുടെ തിരോധാന കേസ് അന്വേഷണം നടക്കുന്നത്. ഒന്നും രണ്ടും മാസം കൂടുമ്പോൾ തിരോധാന കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരും. അപ്പോഴെല്ലാം അന്വേഷണ സംഘം റിപ്പോർട്ട് നൽകണം. ഇന്നലെ തിരോധാന കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള മുഴുവൻ സംശയങ്ങളും ദൂരീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി.സ്നേഹലതയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരോധാനത്തിൽ പാണത്തൂരിലെ മുൻ ബാറുടമയുടെ പങ്ക് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതോടെ ക്രൈംബ്രാഞ്ച് ബാർ ഉടമയെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങിയതായാണ് സൂചന. ഹൈക്കോടതിയുടെ പരാമർശം വരുന്നതിന് മുമ്പുതന്നെ ക്രൈംബ്രാഞ്ച് മുൻ ബാർ ഉടമയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് കസ്റ്റഡിയിൽ വാങ്ങിയ ബിജു പൗലോസിനെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖ പ്പെടുത്തിയ ശേഷമാവും അനന്തര നടപടികൾ. എന്തായാലും ഈ മാസം 31 നുള്ളിൽ കേസഷണത്തിന്റെ മുക്കാൽ ഭാഗവും പൂർത്തിയാക്കിയേക്കും.
No comments