വെള്ളരിക്കുണ്ട് തപസ്യ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യൂസിക് നൃത്തവിദ്യാർത്ഥികളുടെ ഭരതനാട്യ അരങ്ങേറ്റം ഇന്ന്
വെള്ളരിക്കുണ്ട് : അരങ്ങേറ്റത്തിന്റെ അധിക ചിലവുകൾ ഒഴിവാക്കി ആ തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി പൊതുജന ശ്രദ്ധ നേടിയ വെള്ളരിക്കുണ്ടിലെ തപസ്യ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് എന്ന സ്ഥാപനത്തിലെ വിദ്യാർഥികളുടെ ഭരതനാട്യ അരങ്ങേറ്റം ഇന്ന് (മെയ് 2) വൈകിട്ട് 6 മണിക്ക് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
പരപ്പ തോടംചാൽ സിറ്റിസൺ ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കും , മാവുങ്കാൽ സേവാഭാരതിയുടെ പ്രവർത്തന ഫണ്ടിലേക്കുമാണ് സംഭാവന നൽകിയത്. അരങ്ങേറ്റം നടക്കുന്ന ദിവസം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനും തീരുമാനമായി.
ഉദ്ഘാടന ചടങ്ങിൽ മേക്കാട്ടില്ലത്ത് കുഞ്ഞിരാമപട്ടേരി ദീപം തെളിയിക്കും. പ്രശസ്ത എഴുത്തുകാരിയും, സിനിമാ-നാടക കലാകാരിയും, സാമൂഹിക പ്രവർത്തകയുമായ സി.പി ശുഭടീച്ചർ മുഖ്യാതിഥി ആയിരിക്കും. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി, വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ തോമസ് ചെറിയാൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ഷോബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുനിൽ കണ്ണൻ്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും, രാത്രി 7 മണിക്ക് ഭരതനാട്യ അരങ്ങേറ്റവും നടക്കുന്നതാണ്.
No comments