റാസൽഖൈമ ബസ് അപകടം: മരിച്ച മലയാളികളിൽ അട്ടേങ്ങാനം സ്വദേശിയും
കള്ളാർ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ മരിച്ച മലയാളികളിൽ കാസർകോട് കള്ളാർ സ്വദേശിയും. അട്ടേങ്ങാനം സ്വദേശിയും നിലവിൽ കള്ളാർ പൂത്താമലയിൽ താമസക്കാരനുമായ അഷ്റഫ് (53) ആണ് മരിച്ചത്.
വിദേശത്തുള്ള മകനാണ് അഷ്റഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയ ശേഷം അഷ്റഫ് ഗൾഫിലേക്ക് മടങ്ങിയത്. ഭാര്യ: ജമീല. മക്കൾ: ശറഫുദ്ധീൻ, അഷ്രിഫ, പരേതരായ അജ്മൽ, അഷ്കർ.
അഷ്റഫിനെ കൂടാതെ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.
മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റാസൽഖൈമയിലെ അൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 41 പേർ ബസ്സിലുണ്ടായിരുന്നു. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
അപ്രതീക്ഷിതമായ ദുരന്തം പ്രവാസി മലയാളി സമൂഹത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

No comments