Breaking News

കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് ബങ്കളം സ്വദേശിനി മാളവിക


വെള്ളരിക്കുണ്ട് : കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഇടം നേടി ഒരു മലയാളി. നീലേശ്വരം ബങ്കളം സ്വദേശിയായ പി മാളവികയാണ് 26 വർഷത്തിന് ശേഷം ടീമിലിടം നേടുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ചത്. 1999ൽ ബെന്റില ഡികോത്തയാണ്‌ ഇന്ത്യക്കായി അവസാനം ബൂട്ട്‌ കെട്ടിയ മലയാളിതാരം.

ഏഷ്യൻ കപ്പ്‌ യോഗ്യതാ റൗണ്ടിനുള്ള സംഘത്തിലാണ്‌ ഇരുപത്തൊന്നുകാരിയായ നീലേശ്വരം ബങ്കളം സ്വദേശി ഇടംപിടിച്ചത്‌. തായ്‌ലൻഡിലാണ്‌ മത്സരങ്ങൾ. മംഗോളിയ തിമോർ, ഇറാഖ്, തായ്‌ലൻഡ് തുടങ്ങി ടീമുകളെ ഇന്ത്യ നേരിടും.

  കഷ്ടപാടുകളെയും പരിമിതികളെയും മറികടന്നാണ് മാളവികയുടെ വരവ്. ജിഎച്ച്‌എസ്‌എസ്‌ കക്കാട്ടിലായിരുന്നു പ്ലസ്‌ ടുവരെ പഠനം. 11-ാം വയസ്സിൽ അച്ഛൻ മരിച്ചു. അമ്മ മിനിയാണ്‌ ഫുട്‌ബോൾ സ്വപ്നങ്ങൾക്ക്‌ കൂടെനിന്നത്. അയൽക്കാരനായ പരിശീലകൻ നിധീഷ്‌ ബങ്കളമാണ്‌ പ്രതിഭയെ വളർത്തിയെടുത്തത്.

  2018ലും 2019ലും കേരള സബ്‌ ജൂനിയർ ടീമിൽ ഇടംപിടിച്ച താരം അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലുമുണ്ടായിരുന്നു. ബെംഗളൂരുവിലെ മിസാക യുണൈറ്റഡ്‌, ട്രാവൻകൂർ എഫ്‌സി, കെമ്പ്‌ എഫ്‌സി, കൊൽക്കത്തയിലെ റെയിൻബോ അത്‌ലറ്റിക്‌ ക്ലബ്‌, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമുകൾക്കായി കളിച്ചു.

  കഴിഞ്ഞ സീസണിലെ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട്‌ ക്ലബ്ബിനായി നടത്തിയ പ്രകടനമാണ്‌ ദേശീയ ശ്രദ്ധയാകർഷിച്ചത്‌. ഇതോടെ ദേശീയ ക്യാമ്പിലേക്കുള്ള വിളി വരുകയായിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും നേടിയ മാളവിക നിലവിൽ തൃശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ്‌.


No comments