Breaking News

ജില്ലയിൽ ശമനമില്ലാതെ പേമാരി മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശം


കാസർകോട് : ജില്ലയിൽ ശമനമില്ലാതെ മഴ തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ നാശവുമുണ്ട്. വരുംദിവസങ്ങളിലും ഇടവിട്ട് മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലർട്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച ഓറഞ്ച് അലർട്ടാണ്. ദേശീയപാത നിർമാണപ്രദേശങ്ങളിലുൾപ്പെടെ ജില്ലയിൽ പലയിടത്തും നാശനഷ്ടം തുടരുകയാണ്. വീടുകൾ ഭാഗികമായി തകർന്നു. നിലവിൽ നാലിടത്തായി ആകെ 49 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് അല്പം ഇറങ്ങിയിട്ടുണ്ടെങ്കിലും തലയത്ത്, ചാളക്കടവ്, മണ്ണകടവ്, മാച്ചിപുറം, ചർത്താങ്കൽ, കക്കാട്ട്, ഒളയത്ത് എന്നീ വെള്ളക്കെട്ട് പ്രദേശങ്ങളിൽ തിങ്കളാഴ്ചയെ അപേക്ഷിച്ച് രണ്ടടി അടിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രണ്ട് കുടുംബങ്ങളിലായി എട്ട് പേരെ മാറ്റി പാർപ്പിച്ചു. ചാത്തമത്ത് കോണത്ത് ഭഗവതി ക്ഷേത്രത്തിലെ മതിൽ ശക്തമായ മഴയിൽ തകർന്നു. കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. കാര്യങ്കോട് നിന്നും ചാത്തമത്തേക്ക് പോകുന്ന പ്രധാന റോഡായ കാര്യങ്കോട് -- മുക്കട തീരദേശറോഡിൽ ചാത്തമത്ത് കോണോത്ത് ഭഗവതി ക്ഷേത്രത്തിന് മുകളിലായി റോഡിൽ തിങ്കളാഴ്ച വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇതുവഴി വലിയ വാഹനങ്ങൾ പോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. കനത്ത മഴയിൽ വേലാശ്വരം മധുരക്കാട്ടെ പീതാംബരന്റെ വീടിന്റെ മതിൽ തകർന്നു. മുകൾ ഭാഗത്തെ സ്ഥലത്ത് താമസിക്കുന്നവർ വെള്ളത്തിന്റെ ഗതിമാറ്റി വിട്ടതാണ് മതിൽ തകരാൻ കാരണമെന്ന് പീതാംബരൻ പറഞ്ഞു.പുഞ്ചാവി, ബല്ലാകടപ്പുറം മീനാപ്പീസ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കാഞ്ഞങ്ങാട് ആവിക്കര ആരോഗ്യകേന്ദ്രത്തിൽ വെള്ളം കയറി.കനത്ത മഴയിൽ കോടോം ബേളൂർ പഞ്ചായത്തിലെ മൂപ്പിൽ അബ്ദുള്ളയുടെ വീട് തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയുടെ പകുതി ഭാഗവും തകർന്നു വീണു. കുടുംബത്തെ മാറ്റി പാർപ്പിച്ചു. കരിന്തളത്തെ പാറക്കോൽ പാലം മുങ്ങി ബസ് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. വെള്ളരിക്കുണ്ട്, കമ്പല്ലൂർ, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലേക്ക് തീരദേശ റോഡിലൂടെ ബസ് ഗതാഗതം പൂർണമായി നിലച്ചു.

No comments