അഹമ്മദാബാദ് വിമാന അപകടം; ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരം; പ്രധാനമന്ത്രി സംഭവ സ്ഥലത്തേയ്ക്ക്
അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ എത്തും.
അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്. അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്രം സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്. യുഎസ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍ നിന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകള്‍ക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ച മെയ്‌ഡേ കോള്‍ ( വളരെ അടിയന്തര സാഹചര്യത്തില്‍ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിന്റെ സാങ്കേതിക തകരാര്‍ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്.
അപകടത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും മരിച്ചിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്ചയാണ് പത്തനംതിട്ടയില്‍ നിന്നും ഇവര്‍ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടില്‍ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്‌സായി ലണ്ടനില്‍ ജോലിക്ക് കയറുകയായിരുന്നു.
No comments