Breaking News

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെ ഹീനമായി അപമാനിച്ച് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ ഫേസ്ബുക്ക് കമൻ്റിലൂടെയാണ് അശ്ലീല പരാമർശം നടത്തിയത്


വെള്ളരിക്കുണ്ട് : അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥൻ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ ഫേസ്ബുക്ക് വഴി പരസ്യമായി അപമാനിച്ചത്. നാടാകെ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു മോശം പരാമർശങ്ങൾ‌. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിക്കുന്നുണ്ട്.

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾ‌ക്കകമായിരുന്നു ഇത്. മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മ്ലേച്ഛമായ ഭാഷയിലായിരുന്നു ഇയാൾ കമന്റുകളിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു ഫേസ്ബുക്ക് കമൻ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പുറത്ത് പറയാൻ കൊള്ളാത്ത തരത്തിലുള്ള അശ്ലീല വാക്കുകളാണ് ഉപയോഗിച്ചത്.

ഇതിന് മുമ്പ് ഹോസ്ദുർഗ് എം.എൽ.എ ഇ. ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ആറ് മാസം സസ്പെൻഷനിൽ കഴിഞ്ഞ വ്യക്തിയാണ് പവിത്രൻ. ഈ സംഭവത്തിലും വകുപ്പുതല നടപടി ഉണ്ടായേക്കും.

No comments