Breaking News

ശക്തമായ മഴയിൽ വെസ്റ്റ് എളേരി കാറ്റാംകവല ഉന്നതിയിലെ മണ്ണിടിച്ചലും കുത്തൊഴുക്കും എട്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പലേക്ക് മാറ്റി


ഭീമനടി : ശക്തമായ മഴയിൽ വെസ്റ്റ് എളേരി കാറ്റാംകവല ഉന്നതിയിൽ മണ്ണിടിച്ചലും കുത്തൊഴുക്കും. എട്ട് കുടുംബങ്ങളിലായുള്ള 37 പേരെ പറമ്പ് ഗവ. എൽപി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പലേക്ക് മാറ്റി. ശനി രാത്രി 12നാണ് രൂക്ഷമായ മണ്ണിടിച്ചലും കുത്തൊഴുക്കുമുണ്ടായത്. കാറ്റാംകവലയിലെ കാക്കനാശേരി സൂരജിന്റെ വീടിന്റെ മുറ്റത്തോടുചേർന്ന ഭാഗത്ത് വലിയൊരുസ്ഥലം മണ്ണിടിഞ്ഞ് താഴ്ന്നു. ഇവിടെനിന്ന് കുറച്ചു മാറി കാറ്റാംകവല കുറ്റിത്താനി റോഡിനടിയിൽ കാറ്റാംകവല ഉന്നതിയിലൂടെ വലിയ തോതിൽ
കുത്തൊഴുക്കുമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ ആളുകളെ ബന്ധുവീടുകളിലേക്കും മാറ്റി. കാറ്റാംകവല ഉന്നതിയിൽ മാത്രം 21 കുടുംബങ്ങളുണ്ട്. ഇവർക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്തും റവന്യു, ട്രൈബൽ വകുപ്പും ചേർന്നാണ്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, തഹസിൽദാർ പി വി മുരളി, ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ട്രൈബൽ ഓഫീസർ എ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആരോഗ്യ വകുപ്പ് ജീവനക്കാർ, അഗ്നിരക്ഷാസേന, ആശാ വർക്കർമാർ, പ്രമോട്ടർമാർ എന്നിവരും സഹായവുമായി രംഗത്തുണ്ട്.

No comments