ഞായർ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിലെങ്ങും കനത്ത നാശം
കാസർകോട് : മണ്ണിടിച്ചിലും ദുരിതവും വിതച്ച് അതിതീവ്രമഴ ശമനമില്ലാതെ തുടരുന്നു. ഞായർ മുതൽ നിർത്താതെ പെയ്ത മഴയിൽ ജില്ലയിലെങ്ങും കനത്ത നാശം. ഞായറാഴ്ച തെക്കൻ മേഖലകളിലാണ് കനത്ത നാശമെങ്കിൽ തിങ്കളാഴ്ച വടക്കൻ അതിർത്തി പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്. വൈകിട്ടോടെ മഴയ്ക്ക് അൽപം ശമനമുണ്ടായി. ചൊവ്വാഴ്ച കനത്ത മഴ തുടരുമെങ്കിലും ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചത്. ചെർക്കള ബേവിഞ്ചയിൽ നിർമാണപ്രവൃത്തി നടക്കുന്ന ദേശീയപാത 66ൽ തിങ്കളാഴ്ച രണ്ടുവട്ടം ശക്തമായ മണ്ണിടിച്ചിലുണ്ടായി. സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.വെസ്റ്റ് എളേരിയിൽ കോട്ടമലയിലും മണ്ണിടിച്ചിലുണ്ടായി. പറമ്പയിലും കോട്ടമലയിലും ദുരിതാശ്വാസ ക്യാമ്പ് വെള്ളരിക്കുണ്ട് താലൂക്കിലെ പറമ്പ ഗവ. എൽപി സ്കൂളിലും കോട്ടമല എംജി യുപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.രണ്ട് സ്കൂളുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെതുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജലകമ്മീഷനും നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. മൊഗ്രാൽ പുഴയുടെ മധൂർ സ്റ്റേഷനിൽ റെഡ് അലർട്ടും ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം ചായ്യോം റിവർ സ്റ്റേഷൻ, ഷിറിയ പുഴയുടെ ഷിറിയ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കാര്യങ്കോട് പുഴയുടെ ഭീമനടി സ്റ്റേഷനിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. നീങ്ങുന്നില്ല ആശങ്കകാര്യങ്കോട്, നീലേശ്വരം പുഴയോരത്ത് ഞായറാഴ്ച വെള്ളമിറങ്ങിയെങ്കിലും ഭീതി നീങ്ങിയില്ല. ചിത്താരി, നീലേശ്വരം പുഴകളിലും കുത്തൊഴുക്കുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശവാർഡുകളിൽ വീടുകളിൽ വെള്ളംകയറി. കല്ലൂരാവിയിലെ കെ സുധാകരൻ, സുനിത, പി സി അബ്ദുറഹ്മാൻ, കെ കെ മുനീറ തുടങ്ങിയവരുടെ വീടുകളിലും നോർത്ത് കല്ലൂരാവിയിലെ എം ഷുഹൈബിന്റെ വീട്ടിലുമാണ് വെള്ളം കയറിയത്. പ്രദേശത്ത് വിവാഹവീട്ടിൽ വെള്ളം കയറിയതോടെ ചടങ്ങ് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. പുല്ലൂരിലെ അടിപ്പാത വെള്ളത്തിലായി. ദേശീയപാത നിർമാണ കരാർ കമ്പനി സർവീസ് റോഡ് നിർമാണം നടത്തിയെങ്കിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇതുകാരണം അടിപ്പാതയിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനായില്ല. പുല്ലൂർ തോട് കരകവിഞ്ഞൊഴുകുന്നതിനാൽ വീടുകളിൽ വെള്ളംകയറി. കേളോത്ത് വയലുകളും കവിഞ്ഞൊഴുകുന്നതിനാൽ ഇരുഭാഗത്തും താമസിക്കുന്നവരുടെ വഴിയടഞ്ഞു. മാവുങ്കാൽ ടൗണിലെ മേൽപ്പാലത്തിനടിയിലും വെള്ളമാണ്. കടകളിൽ വെള്ളം കയറി വ്യാപാരികളും ദുരിതത്തിലായി. ചിത്താരിപ്പുഴ കരകവിഞ്ഞതോടെ ഈ ഭാഗത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
No comments