വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവതി ചന്തേര പോലീസിന്റെ പിടിയിൽ
കാസർകോട് : വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവതി പിടിയിൽ. മാവിലാക്കടപ്പുറം സ്വദേശിനി ഗീതാഞ്ജലി(40)യാണ് ചന്തേര പൊലിസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മാവിലാക്കടപ്പുറം ജിഎൽപി സ്കൂളിന് സമീപത്തുവച്ചാണ് യുവതിയെ പിടികൂടിയത്. ചന്തേര ഇൻസ്പെക്ടർ കെ പ്രശാന്തും സംഘവും പതി പട്രോളിങിന്റെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു. കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി നിൽക്കുന്ന സ്ത്രീ പൊലീസിന്റെ വാഹനം കണ്ട് പരുങ്ങി നിന്നു. സംശയം തോന്നിയ പൊലീസ് വാഹനം നിർത്തി കവറിലെന്തെന്ന് യുവതിയോട് ചോദിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോൾ പൊലീസ് പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. 61 പാക്കറ്റുകളാണ് പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയത്. പ്രദേശത്ത് വിൽപനക്കായി കൊണ്ടുപോകുന്നതാണെന്നും വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യാറുണ്ടെന്നും യുവതി സമ്മതിച്ചു. തുടർന്ന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലെത്തിച്ച് ബിഎൻഎസ്എസ് നോട്ടീസ് നൽകി വിട്ടയച്ചു.
No comments