Breaking News

കരിന്തളത്ത് പൊതു ശൗചാലയം അനുവദിക്കണം ; മഹിള അസോസിയേഷൻ കരിന്തളം യൂണിറ്റ് സമ്മേളനം


കരിന്തളം:നിത്യേന നിരവധിയാളുകൾ വന്നു പോകുന്ന കരിന്തളം ടൗണിൽ പൊതു ശൗചാലയം അനുവദിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു .വില്ലേജ് ഓഫീസ് ,സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർ പൊതു ശൗചാലയം ഇല്ലാത്തതിനാൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ കൂടാതെ സമീപ പ്രദേശങ്ങളായ ഓമച്ചേരി ,പാറക്കോൽ, കയനി , അണ്ടോള്‍,വേളൂർ , ചിമ്മത്തോട്, മുതുകുറ്റി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ബസ് കയറി പോകണമെങ്കിൽ കരിന്തളത്തെക്ക് തന്നെ വരണം. അതു കൊണ്ട് ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി കരിന്തളത്ത് പൊതു ശൗചാലയം അനുവദിക്കുകയോ അല്ലെങ്കിൽ റവന്യൂ വകുപ്പിന് കീഴിലുള്ള പഴയ വില്ലേജ് ഓഫീസിനോട് ചേർന്നുള്ള ശൗചാലയം അറ്റ കുറ്റപ്പണി നടത്തി പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു  നിന്നും ഉണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുമ്പ് കളക്ടറുടെ ജനസമ്പർക്ക പരിപാടിയിൽ മഹിളാ അസോസിയേഷൻ കരിന്തളം യൂണിറ്റ് നിവേദനം നൽകിയിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല .യൂണിറ്റ് പ്രസിഡണ്ട് വി അജിതയുടെ അധ്യക്ഷതയിൽ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗം രമ പത്മനാഭൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, മുതിർന്ന മഹിളാ പ്രവർത്തകരെയും, മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയടി ടി ശ്രുതിയെയും ആദരിച്ചു. വില്ലേജ് സെക്രട്ടറി കെ അനിത,പ്രസിഡൻറ് ഇ ഉഷ ,കെവി ജയശ്രീ, ഉഷകുമാരി ,കെ നാരായണി ,യശോദ , വാസു കരിന്തളം എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കരിന്തളം യൂണിറ്റ് വിഭജിച്ച് കരിന്തളം ഈസ്റ്റ് , വെസ്റ്റ് എന്നീ യൂണിറ്റുകൾ രൂപീകരിക്കുകയും കരിന്തളം വെസ്റ്റ് യൂണിറ്റ് ഭാരവാഹികളായി വി അജിത (സെക്രട്ടറി) ഷിനി വാസു (ജോ : സെക്രട്ടറി) എം സീന (പ്രസിഡന്റ്) ,സിന്ധു രാമചന്ദ്രൻ (വൈസ് പ്രസിഡന്റ്) എന്നിവരെയും കരിന്തളം ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായി എ സുലോചന (സെക്രട്ടറി), ശാലിനി രാമചന്ദ്രൻ (പ്രസിഡന്റ്) എന്നിവരെയും തിരഞ്ഞെടുത്തു.


No comments