മണ്ണിടിച്ചിൽ മൂലം നാശനഷ്ടം സംഭവിച്ച പാണത്തൂർ മൈലാട്ടി ഊരിലെ പട്ടികവർഗ്ഗ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം ; ഗോത്ര അവകാശ സംരക്ഷണ സമിതി
പാണത്തൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ മൂലം നാശനഷ്ടം സംഭവിച്ച പാണത്തൂർ മൈലാട്ടി ഊരിലെ പട്ടികവർഗ്ഗ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഷിബു പാണത്തൂർ ആവശ്യപ്പെട്ടു.മണ്ണിടിച്ചിൽ മൂലം കുടുംബത്തിൻ്റെ റബർ, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിച്ചിരുന്നു. കുണ്ടുപ്പള്ളി കമ്യൂണിറ്റി ഹാളിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള മരങ്ങൾ ഉടൻ മുറിച്ച് നിക്കണമെന്നും, പഞ്ചായത്തിലെ ദുരന്തനിവാരണ കമ്മിറ്റിക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങൾ പോലും ലഭ്യമാക്കാൻ സാധിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്നും ഷിബു പാണത്തൂർ ആരോപിച്ചു. കൂടാതെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയിലും, നിലവിലെ ഭരണ സമിതിയിലും ഒരുപാട് കമ്മറ്റികൾ രൂപീകരിച്ചുവെങ്കിലും എല്ലാം പേപ്പറിൽ മാത്രം ഒതുങ്ങി പോയെന്നും, എത്രയും പെട്ടെന്ന് തന്നെ സജീവമായ ദുരന്തനിവാരണ കമ്മറ്റി രൂപീകരിക്കണമെന്നും, മണ്ണിടിച്ചിൽ മൂലം നാശനഷ്ടം സംഭവിച്ച കുടുംബത്തിന് നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
No comments