വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങൾ തുടരുന്നു, സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും
കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തീവ്രശ്രമങ്ങൾ തുടരുന്നു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും. സനായിലെ ക്രിമിനൽ കോടതിയിലാണ് ഹർജി നൽകുക. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്നതിനാൽ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണം എന്നാണ് ഇന്നലെ തലാലിന്റെ സഹോദരൻ അറിയിച്ചത്. ഇതുവരേയും കുടുംബത്തിന്റെ അഭിപ്രായം മാധ്യസ്ഥ സംഘത്തെ അറിയിച്ചിട്ടില്ല. യമനിലെ ദമാറിൽ തുടരുകയാണ് മാധ്യസ്ഥ സംഘം. ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കാണും.
No comments