മണൽ മാഫിയക്ക് വിവരങ്ങൾ ചോർത്തി കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്‌പെൻഷൻ
കാസർകോട് : അന്വേഷണ മികവിൽ രാജ്യത്തിനുതന്നെ അഭിമാനമായി മാറിയ കേരള പൊലീസിന് പേരുദോഷമായി മാറിയ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള സ്
സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി എം അബ്ദുൾസലാം, എ കെ വിനോദ്കുമാർ, ലിനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ എ എം മനു, എം കെ അനൂപ്, ഡ്രൈവർ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കുമ്പള സ്റ്റേഷൻ പരിധിയിൽ വ്യാപകമായി മണൽ കടത്ത് നടക്കുന്നത് നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചതാണ്. പൊലീസ് പരിശോധനക്കിറങ്ങിയാൽ അപ്പോൾതന്നെ വിവരം മാഫിയക്ക് ലഭിക്കും. ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതിനാണ് ആറ് പൊലീസുകാരെയും ജില്ലാ പൊലീസ് മേധാവി വൈ ബി വിജയ് ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്തത്. നിലവിൽ കുമ്പള സ്റ്റേഷനിലുള്ള അഞ്ചുപേരെയും നേരത്തെ സ്ഥലംമാറിപ്പോയ ഒരാൾക്കുമെതിരെയുമാണ് നടപടി. ഒരുമാസം മുമ്പ് ടിപ്പറിൽ മണൽ കടത്തുമ്പോൾ ഡവർ മൊയ്തീനെ ലോറിസഹിതം പൊലീസ് പിടിച്ചു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് മണൽ മാഫിയയുമായി ബന്ധമുള്ള പൊലീസുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസ് മണൽ വേട്ടയ്ക്കിറങ്ങുമ്പോൾ കൃത്യമായ വിവരങ്ങൾ മണൽ മാഫിയ സംഘങ്ങൾക്ക് വാട്സ്ആപ് വഴിയും ഫോൺ വഴിയും
കൈമാറിയതായി കണ്ടെത്തി. ഇതിന്റെ വ്യക്തമായ തെളിവുകൾ കിട്ടിയതോടെയാണ് കുമ്പള എസ്ഐ ശ്രീജേഷ് കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിന് റിപ്പോർട്ട് നൽകിയത്. പ്രാഥമികാന്വേഷണം നടത്തിയശേഷം റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതോടെയാണ് ആറുപേർക്കെതിരെയും നടപടിയെടുത്തത്.
നടപടി ശക്തമാക്കി പൊലീസ്
കാസർകോട്ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘത്തിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്. കാസർകോട് ഡിവൈഎസ്പി വി വി മനോജിന്റെ നേതൃത്വത്തിൽ കാസർകോട്, കുമ്പള, മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരവധി ചാക്ക് മണലും തോണിയും ഉൾപ്പെടെ പിടികൂടി. കടവുകളിൽനിന്നു മാത്രം മൂവായിരത്തിലധികം ചാക്ക് മണലും 12 തോണിയും പിടികൂടി നടപടിക്ക് വിധേയമാക്കി.
No comments