വീടിന്റെ പിന്നിലെ ഷെഡിൽ ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
കാസർകോട് : വീടിന്റെ പിന്നിലെ ഷെഡിൽ ചാക്കുകളിലായി സൂക്ഷിച്ച ഇരുപതിനായിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ബീരന്തുവയലിലെ താമസക്കാരനായ പി.രാമാനന്ദ ചൗധരിക്കെതിരെ (35) പൊലീസ് കേസെടുത്തു.ഇന്നലെ രാവിലെ പഴയ ബസ് സ്റ്റാൻഡിൽ നിന്നു 240 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പി.രാമാനന്ദ ചൗധരിയുടെ അച്ഛൻ മുന്ന ചൗധരിയെ (56) പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു വീടിന്റെ പിന്നിലെ ഷെഡിൽ ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതായി വിവരം ലഭിച്ചത്.
ഇതേ തുടർന്നു കാസർകോട് ടൗൺ സ്റ്റേഷനിലെ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വിവിധ തരത്തിലുള്ള ഇരുപതിനായിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കു ഇവിടെ നിന്നാണ് പുകയില ഉൽപന്നങ്ങൾ കൊണ്ടു പോയിരുന്നതെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.ട്രെയിനുകൾ, ലോറി ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ എന്നിവയിലൂടെയാണ് ഇവിടേക്ക് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നതെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷെഡിൽ പതിനഞ്ചിലേറെ ചാക്കുകളിലാണ് വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചത്.
No comments