Breaking News

സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനം 11 മുതൽ വെള്ളരിക്കുണ്ടിൽ


കാസർകോട് : സി.പി.ഐ 25ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കാസർകോട് ജില്ലാ സമ്മേളനം ജുലായ് 11,12,13 തീയ്യതികളിൽ വെള്ളരിക്കുണ്ടിൽ നടക്കും.11ന് പതാക, കൊടിമര ജാഥകളും 12, 13 തീയ്യതികളിൽ പ്രതിനിധി സമ്മേളനവുമാണ് നടക്കുക.

11ന് വെള്ളരിക്കുണ്ട് ടൗണിലെ കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരിൽ നിന്നും മുതിർന്ന പാർട്ടി നേതാവ് പി.എ നായരിൽനിന്നും ഏറ്റുവാങ്ങി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് ക്യാപ്റ്റനും എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് വൈസ് ക്യാപ്റ്റനുമായി അത്‌ലറ്റുകളുടെ നേതൃത്വത്തിൽ സമ്മേളനനഗരിയിൽ എത്തിക്കും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും അദ്ദേഹത്തിന്റെ മകൻ കിഷോറിൽ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗവി ഏറ്റുവാങ്ങും. കൊടിമരം എളേരിത്തട്ട് പൊടോര കുഞ്ഞിരാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കെ.പി കുഞ്ഞമ്ബുവിൽ നിന്നും കിസാൻസഭ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമൻ ഏറ്റുവാങ്ങി നഗരയിൽ എത്തിക്കും. മൂന്ന് ജാഥകളും മൂന്നിന് വെള്ളരിക്കുണ്ടിൽ സംഗമിച്ച്‌ ചുവപ്പ് വളണ്ടിയർ മാർച്ചോടു കൂടി പൊതുസമ്മേളന നഗരയിലെത്തിക്കും. പൊതുസമ്മേളന നഗരയിലേക്കുള്ള പതാക എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി. കൃഷ്ണനും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബുവും കൊടിമരം സംഘാടക സമിതി കൺവീനർ മുൻ എം.എൽ.എ എം. കുമാരനും ഏറ്റുവാങ്ങും.

സംഘാടക സമിതി ചെയർമാൻ കെ.എസ് കുര്യാക്കോസ് സമ്മേളന നഗരിയിൽ പതാക ഉയർത്തും. പൊതുസമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.12, 13 തീയ്യതികളിൽ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബി.വി രാജൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, മന്ത്രിമാരായ ജി.ആർ അനിൽ, പി. പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി മുരളി, കെ.കെ അഷറഫ്, പി. വസന്തം, ടി.വി ബാലൻ തുടങ്ങിയവർ സംബന്ധിക്കും.


No comments