നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ മൽസ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടത്തിൽപെട്ടു
നീലേശ്വരം : തൈക്കടപ്പുറം അഴിത്തലയിൽ മൽസ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടത്തിൽപെട്ടു. തോണിയിലുണ്ടായിരുന്ന പതിനാലുപേരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ 4 പേരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ അഴിത്തല പുലിമുട്ടിന് സമീപത്തായിരുന്നു അപകടം. അനന്തംപള്ള മൂത്തൽ ഹൗസിലെ എം അർജുനിന്റെ ഉടമസ്ഥതയിലുള്ള സീ ഫ്രണ്ട്സ് എന്ന ഫൈബർ തോണിയാണ് അപകടത്തിൽ പെട്ടത്. കൂറ്റൻ തിരമാലയിൽപെട്ട് തോണി മറിയുകയായിരുന്നു. പ്രക്ഷുബ്ധമായ കടലിൽ വീണ ഇവർ ക്യാരിയർ വള്ളത്തിൽ നീന്തിക്കയറി കരയ്ക്കത്തി. ശക്തമായ തിരയടിച്ച് മറിഞ്ഞ തോണി വലിഞ്ഞ് കടലിലേക്ക് ഒഴുകിപ്പോയി. തോണിയെ കരക്കടുപ്പിക്കുവാൻ തീരദേശ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കടൽക്ഷോഭമുള്ളതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
No comments