Breaking News

ബളാൽ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ വനമേഖലകളിലെ തോട്ടപ്പയർ ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ നശിപ്പിക്കും കാട്ടുപന്നികൾ പെരുകുന്നത് തടയാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കും ; വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

കാസർകോട് : മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കാട്ടുപന്നികളെ കൊല്ലാനും സംസ്കരിക്കാനുമുള്ള സാമ്പത്തിക സഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് നൽകും. കാട്ടുപന്നികൾ പെരുകുന്നത് തടയാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കും. ഇക്കാര്യങ്ങൾ നടപ്പാക്കാനായി വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം 21ന് പകൽ 11ന് കലക്ടറേറ്റിൽ ചേരും. വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കാടുമൂടി കിടക്കുന്ന സ്വകാര്യസ്ഥലങ്ങൾ ഉടൻ വൃത്തിയാക്കാൻ അടിയന്തര നോട്ടീസ് നൽകാൻ മന്ത്രി നിർദേശിച്ചു. പന്നികളെ കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർക്ക്പ്രതിഫലംനൽകാനും പന്നിയെ മറവുചെയ്യാനും തദ്ദേശസ്ഥാപനങ്ങൾക്ക്
സാമ്പത്തികവർഷം ഒരുലക്ഷം രൂപവരെ ദുരന്തനിവാരണ അതോറിറ്റി അനുവദിക്കും. വെടിവയ്ക്കാൻ നിയോഗിക്കാവുന്ന അംഗീകൃത ഷൂട്ടർമാരുടെ പുതുക്കിയ ലിസ്റ്റ് നിലവിലുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും പാമ്പുകടിയേറ്റവർക്കുള്ള മരുന്ന് ലഭ്യത ഉറപ്പാക്കും. മുളിയാർ, കാറഡുക്ക വനമേഖലകളിലെ അക്കേഷ്യ തൈകളും അടിക്കാടുകളും നശിപ്പിക്കാനും ബളാൽ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ വനമേഖലകളിലെ തോട്ടപ്പയർ ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ നശിപ്പിക്കാനും യോഗം നിർദേശിച്ചു. ആൾത്താമസമില്ലാത്ത സ്വകാര്യഉടമസ്ഥതയിലുള്ള പ്രദേശങ്ങൾ കാടുമുടി കിടക്കുന്നതിനാൽ ഇവിടെ പുലി, കാട്ടുപോത്ത്, കാട്ടുപന്നികൾ ഉൾപ്പെടെയുള്ള സസ്തനികൾക്ക് ആവാസവ്യവസ്ഥ ഒരുങ്ങുന്നുണ്ട്. ഈ പ്രദേശങ്ങൾ വൃത്തിയാക്കാനുള്ള അടിയന്തര നടപടികൾക്ക് മന്ത്രി നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാനിയന്ത്രണ സമിതി അംഗങ്ങളും പങ്കെടുക്കും. കലക്ടർ,ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കൺവീനർ), ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി പട്ടികവർഗ വകുപ്പുകളുടെ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ കൃഷി ഓഫീസർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവരാണ് സമിതി അംഗങ്ങൾ. മന്ത്രി എ കെ ശശീന്ദ്രനാണ് അധ്യക്ഷൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.


No comments