ചീമേനി ആണവനിലയം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിനിധിസംഘം ഡൽഹിയിലേക്ക്..
ചീമേനി : ചീമേനി ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം ഡൽഹിയിലേക്ക്. ഇന്ത്യൻ അണുശക്തിനിയമം 1962, ആണവാപകട ബാധ്യതാനിയമം 2010 എന്നിവ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഭേദഗതിചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കെ ഉന്നത രാഷ്ട്രീയനേതാക്കളെയും എംപിമാരെയും കണ്ട് നിയമഭേദഗതിയുടെ അപകടം ബോധ്യപ്പെടുത്താനുമാണ് പ്രതിനിധി സംഘത്തെ അയക്കാൻ ആണവവിരുദ്ധ ദേശീയ സഖ്യം (എൻഎഎഎം) തീരുമാനിച്ചത്.
2008-ൽ അമേരിക്കയുമായി ഉണ്ടാക്കിയ ആണവക്കരാറിനെത്തുടർന്ന് 2010- ൽ ആണവാപകട ബാധ്യതാ നിയമമുണ്ടാക്കി ആണവനിലയദാതാക്കളുടെ ബാധ്യതകൾ ലഘൂകരിച്ചിരുന്നു. എങ്കിലും ഈ ബാധ്യതപോലും ഏറ്റെടുക്കാൻ ആഗോള ന്യൂക്ലിയർ ലോബി സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ബാധ്യതകൾ വീണ്ടും ചുരുക്കിക്കൊടുക്കുന്ന നിലയിൽ നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതുവരെ പൊതുമേഖലയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷനാണ് ഇന്ത്യയിൽ നിലയം പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ആഗോള തലത്തിൽ സ്വകാര്യ മേഖലയ്ക്കുകൂടി ഇന്ത്യയിലേക്ക് കടന്നുവരാൻ സൗകര്യമൊരുക്കാനാണ് അണുശക്തിനിയമം 1962 ഭേദഗതി ചെയ്യുന്നത്. ആണവാപകടങ്ങളുണ്ടായാൽ എത്ര വലിയ സാമ്പത്തിക ബാധ്യതകളുണ്ടാകുമെന്ന് ചെർണോബിൽ, ഫുക്കുഷിമ അപകടങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിന്റെ ആയിരത്തിലൊന്നുപോലുമില്ലാത്ത തുകയാണ് ഭേദഗതി നിലവിൽ വന്നാൽ ആണവനിലയദാതാക്കൾക്ക് ബാധ്യത വരിക.
No comments