Breaking News

തൃക്കണ്ണാട് തീരം കടലെടുക്കുന്നു; 
സംസ്ഥാനപാതയും ഭീഷണിയിൽ


ഉദുമ : കനത്തമഴയും കടലാക്രമണവും തുടരുന്നതിനിടെ സംസ്ഥാന പാതയ്ക്കരികിൽ തൃക്കണ്ണാട് വൻകുഴി രൂപപ്പെട്ടു . ഇതേതുടർന്ന് കാസർകോട്- -- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പാലക്കുന്നിനും -ബേക്കലിനും ഇടയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് മുൻവശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് റോഡിരികിലെ മണ്ണ് ഒലിച്ചുപോയി വൻ കുഴി രൂപപ്പെട്ടത്. കടലാക്രമണം ഇനിയും ശക്തമായാൽ റോഡ് കടലെടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.ബസും ചെറിയ വാഹനങ്ങളും മാത്രമെ ഈ വഴി കടത്തിവിടുന്നുള്ളു. മറ്റു വലിയ വാഹനങ്ങൾ പാലക്കുന്നിൽനിന്ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിലൂടെ തച്ചങ്ങാട് വഴി ബേക്കൽ ജങ്ഷലേക്ക് കടത്തി വിടുകയാണ്. തൃക്കണ്ണാട് കടൽത്തീരത്ത് മുമ്പ് ഭാഗികമായി തകർന്ന ചില കെട്ടിടങ്ങൾ ഇപ്പോൾ പൂർണമായും തകർന്നു. പള്ളിവേട്ട മണ്ഡപവും കൊടുങ്ങല്ലൂർ ക്ഷേത്ര ഭണ്ഡാര മണ്ഡപവും ഏതു നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. മണ്ഡപം സംരക്ഷിക്കാൻ നിരത്തിയ മണൽ ചാക്കുകളും കരിങ്കല്ല് ഭിത്തിയും തകർന്നു. ആദ്യമായാണ് തൃക്കണ്ണാട്ട് ഇത്തരമൊരു സ്ഥിതിയെന്ന് പ്രദേശവാസികൾ പറഞ്ഞു. കോട്ടിക്കുളം, മാളിക വളപ്പ്, ചിറമ്മൽ, തൃക്കണ്ണാട്, ഗോപാല പേട്ട എന്നിവിടങ്ങളും കടലാക്രമണ ഭീഷണിയിലാണ്. ഉദുമ ജന്മക്കടപ്പുറം, കൊവ്വൽ, കാപ്പിൽ കടപ്പുറങ്ങളിലും കടലേറ്റം രൂക്ഷം.

No comments