ഈസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെയും നേതൃത്വത്തിൽ വായന ചാലഞ്ചിലെ വിജയികളുടെ സംഗമം ബുക്ക്മേറ്റ്സ് 2025 സംഘടിപ്പിച്ചു
കമ്പല്ലൂർ: വായന വളർത്തിയ കുട്ടികളുടെ നൂറുനൂറു മധുരമുള്ള കഥകൾ കേൾക്കുകയായിരുന്നു സദസ്. രണ്ടുവർഷം വായന ചാലഞ്ചിന്റെ കണ്ണികളായ കുഞ്ഞുങ്ങൾക്ക് പലപല ലോകങ്ങൾ കണ്ട കാഴ്ചകൾ പറയാനുണ്ടായിരുന്നു. രക്ഷിതാക്കളും ലൈബ്രേറിയൻമാരും പറഞ്ഞതാകട്ടെ വായനയിലൂടെ കുഞ്ഞുങ്ങളും അവരുടെ ചുറ്റുമുള്ള ലോകങ്ങളും മാറിയ അനുഭവങ്ങളും.
വായിച്ചതിന്റെ കരുത്തിൽ യുഎസ്എസ് നേടിയ കഥപറഞ്ഞു ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിലെ ലക്ഷ്‌മിപ്രിയ. വായനയുടെ വെളിച്ചം കുഞ്ഞുങ്ങളിൽ നിറഞ്ഞതിന്റെ അനുഭവങ്ങൾ ചില രക്ഷിതാക്കളും പങ്കുവച്ചു. കുഞ്ഞുവായനയിൽനിന്നും വലിയ വായനയിലേക്ക് നടന്നുകയറിയ കഥകൾ പലരും ആത്മവിശ്വാസത്തോടെ പങ്കുവച്ചു.
ഈസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്ന് നടത്തിയ വായന ചാലഞ്ചിലെ വിജയികളുടെ സംഗമം, ബുക്ക്മേറ്റ്സ് 2025 ലാണ് കുട്ടികൾ വായനയുടെ മധുരം പങ്കുവച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം പി.വി.സതീദേവി അധ്യക്ഷയായി. വായന ചാലഞ്ചിൽ കൂടുതൽ കൂടികൾ ചാലഞ്ച് പൂർത്തിയാക്കിയ കമ്പല്ലൂർ ജിഎച്എസ്എസിനും. സിആർസി ലൈബ്രറിക്കുമുള്ള മാത്യു മാഞ്ഞൂർ സ്‌മാരക പുരസ്‌കാരങ്ങളും 7500 രൂപയുടെവീതം പുസ്‌തകങ്ങളും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ സമ്മാനിച്ചു. ചാലഞ്ചിലെ മികച്ച ലൈബ്രേറിയൻമാരായി തിരഞ്ഞെടുക്കപ്പെട്ട മിനി സുഭാഷ് (സിആർസി ലൈബ്രറി കമ്പല്ലൂർ), ആതിര സരിത്ത് (യുവശക്‌തി ലൈബ്രറി ആയന്നൂർ), മികച്ച വായന ഡയറികൾ തയ്യാറാക്കിയ ദേവനന്ദ ബിനോയി (യുവശക്‌തി ലൈബ്രറി ആയന്നൂർ), ദർശിക് പി.ഗോവിന്ദ് (എകെജി ലൈബ്രറി അരിമ്പ) എന്നിവർക്കുള്ള കാഷ് അവാർഡുകൾ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി വിതരണം ചെയ്തു.
വായനാനുഭവങ്ങൾ തയ്യാറാക്കിയ വിദ്യാർഥികൾ, ഡയമണ്ട്, പ്ലാറ്റിനം ചാലഞ്ച് പൂർത്തിയാക്കിയവർ എന്നിവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. വിവിധ സെഷനുകൾക്ക് ബാലസാഹിത്യകാരൻ സുനിൽ കുന്നരു, ബിനോയ് മാത്യു, കെ.ആർ.ലതാഭായി, ജിതേഷ് കമ്പല്ലൂർ, ലിഷ ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ മെൻ്റർ സന്തോഷ് ചിറ്റടി വായന ചാലഞ്ച് അവലോകനം നടത്തി. പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻമാരായ പ്രശാന്ത് സെബാസ്‌റ്റ്യൻ, കെ.കെ.മോഹനൻ, മേഴ്‌സി മാണി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.സി.അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽഎക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, ജില്ലാ കൗൺസിലർ കെ.കെ.ദിപിൻ, എം.എസ്.ഹരികുമാർ, പി.ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ് സ്വാഗതവും, സിആർസി ലൈബ്രറി സെക്രട്ടറി കെ.പി. ബൈജു നന്ദിയും പറഞ്ഞു.
No comments