നീലേശ്വരം പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ
നീലേശ്വരം രാജാ റോഡിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവന്‍ പോലീസ് കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് നീലേശ്വരം പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച രാത്രി ഏഴോടെ രാജാ റോഡില്‍ നഗരസഭയുടെ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് യാര്‍ഡിന് എതിര്‍വശത്തെ വിഷ്ണു ഏജന്‍സീസിലാണ് കവര്‍ച്ച നടന്നത്. കുട മറയാക്കി നീല ഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ചെത്തിയായിരുന്നു കവര്‍ച്ച. മേശ വലിപ്പില്‍ നിന്ന് പണം കവരുന്നതിന്റെ ദൃശ്യം സമീപങ്ങളിലെ സിസിടിവി ക്യാമറകളില്‍ നിന്നു തിരിച്ചറിഞ്ഞതോടെ തന്നെ നീലേശ്വരം പോലീസ് ഫോട്ടോ ഫയലുകളില്‍ പരിശോധിച്ച് കുരുവി സജുവാണിതെന്ന് തിരിച്ചറിഞ്ഞിരുന്നു. കാസര്‍കോട് കടപ്പുറം സ്വദേശിനിക്ക് ഒപ്പം കാഞ്ഞങ്ങാട്ടെ വാടക വീട്ടില്‍ താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പ് അക്കൗണ്ടന്റ് പണം എണ്ണിത്തിട്ടപ്പെടുത്തി മേശവലിപ്പില്‍ സൂക്ഷിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോയ തക്കത്തിനായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണം നടന്നതായി മനസിലാക്കുന്നതും. കുരുവി സജുവിനെതിരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
No comments