ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം കടപുഴകി വീണു
കാഞ്ഞങ്ങാട് : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം കടപുഴകി വീണു. കാർ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വേലാശ്വരത്തെ സി.തുഷാര (25), വി.നാരായണി (64), ശ്യാമള (60), ഷാനിൽ (34) എന്നിവർക്കാണ് നിസ്സാര പരുക്കേറ്റത്. പരുക്കേറ്റ ഇവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.20ന് മഡിയൻ കൂലോം വെള്ളിക്കോത്ത് റോഡിലാണ് അപകടം. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ നിന്നു 200 മീറ്റർ ഉള്ളിലേക്ക് മാറിയാണ് അപകടം.
റോഡരികിലുണ്ടായിരുന്ന കൂറ്റൻ മരമാണ് കടപുഴകി വീണത്. കാറിന്റെ ബോണറ്റിലേക്കാണ് മരം വീണത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സേനയെത്തി; സിവിൽ ഡിഫൻസ്, പൊലീസ്, വൈറ്റ് ഗാർഡ്, കെഎസ്ഇബി, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മരം മുറിച്ചുമാറ്റി.
മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഗണേശൻ കിണറ്റു കരയുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്.
No comments