Breaking News

തെരുവുനായ ശല്യത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണം: കുമ്പളപ്പള്ളി സ്‌കൂൾ പിടിഎ


കരിന്തളം:നാടിന്റെ മനസ്സമാധാനം തകര്‍ക്കും വിധം വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവനുതന്നെ ഭീഷണിയായി തീര്‍ന്നിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂള്‍ പിടിഎ ജനറല്‍ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്.വിവിധ പ്രദേശങ്ങളില്‍ നിന്നായി സബ് ജില്ലയില്‍  തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന യുപി സ്‌കൂളാണ് കുമ്പളപ്പള്ളി യു പി സ്‌കൂള്‍. ഇതില്‍ പല കുട്ടികളും കാല്‍നടയായാണ് സ്‌കൂളിലേക്ക് വരുന്നതും പോകുന്നത് .പലപ്പോഴും തെരുനായ്ക്കളെ പേടിച്ച് ഭയപ്പാടോടെയാണ് കുട്ടികള്‍ സഞ്ചരിക്കുന്നത്.കൂട്ടം കൂടി വിഹരിക്കുന്ന തെരുവുനായ്ക്കള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ടൂവീലര്‍ പോലുള്ള ചെറുവാഹന യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.സ്‌കൂള്‍   കോമ്പൗണ്ടിനകത്തും ഇവറ്റകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്.ഇത് വലിയൊരു അപകടത്തിലേക്ക് തന്നെ കാര്യങ്ങള്‍ പോകുന്ന സ്ഥിതിയായിരിക്കുകയാണ് .നിയമ പ്രശ്‌നം ഉള്ളതിനാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല.പല സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.പ്രശ്‌നത്തില്‍ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അതു കൊണ്ട് തെരുവ് നായ്ക്കളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവനാളുകളുടെയും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ജനറല്‍ബോഡി യോഗം  സ്‌കൂള്‍ മാനേജര്‍ കെ 

വിശ്വനാഥന്‍  ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ പി ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  സീനിയര്‍ അസിസ്റ്റന്റ് പി വി ഇന്ദുലേഖ വരവ് ചിലവ് കണക്കുകളും കെ രജനി അനുശോചനവും അവതരിപ്പിച്ചു. എം പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാര്‍, പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബിനു  സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ സിന്ധു രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. പുതിയ പിടിഎ പ്രസിഡണ്ടായി ടി സിദ്ദിഖ്, വൈസ് പ്രസിഡണ്ട് വാസു കരിന്തളം ,മദര്‍ പിടിഎ  പ്രസിഡന്റ്  ജോസ്ലിന്‍ ബിനു,  വൈസ് പ്രസിഡണ്ടായി പി അമൃത .എന്നിവരെ തെരഞ്ഞെടുത്തു.


No comments