Breaking News

നിർത്താതെ പെയ്യുന്ന മഴയ്ക്കിടെ ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിലെങ്ങും വ്യാപക നാശം


കാസർഗോഡ് : തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ നിർത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇടയ്ക്കിടയ്ക്ക് ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിലെങ്ങും വ്യാപക നാശം. നിരവധി സ്ഥലങ്ങളിൽ കൂറ്റൻമരങ്ങൾ കടപുഴകി. അതിശക്തമായ കാറ്റിൽ പല വീടുകളുടെയും മേൽക്കൂര തകർന്നു. ഞായർ പുലർച്ചെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിലാണ് പലയിടത്തും കൂറ്റൻ മരങ്ങൾ കടപുഴക്കിയത്. ലൈനുകളിൽ മരങ്ങൾ വീണതോടെ ഞായർ ഉച്ചവരെ വൈദ്യുതിബന്ധവും നിലച്ചു. ബംഗാൾ ഉൾക്കടലിനും ബംഗാൾ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നീങ്ങുന്നതിന് അനുസരിച്ചാണ് ഇടവിട്ട് കാറ്റ് ആഞ്ഞുവിശിയത്. രാവിലെമുതൽ കനത്ത മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. തിങ്കൾ മുതൽ 30 വരെ മഞ്ഞ അലർട്ടാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെറുവത്തൂർകാറ്റിൽ കൊവ്വൽ, പുതിയകണ്ടം, മുണ്ടക്കണ്ടം, രാമൻചിറ, വെങ്ങാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടം. തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയവ പൊട്ടി വീണു. വാഴകൃഷിയും നശിച്ചു. വെങ്ങാട്ടെ ഇ ബാലകൃഷ്ണന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് ഭാഗികമായി തകർന്നു. വീടുനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരേതനായ എം വി മാധവൻ, വി രാഘവൻ, കെ വി ഗോപാലകൃഷ്ണൻ, വി രാഘവൻ, കെ പവിത്രൻ എന്നിവരുടെ പറമ്പുകളിലെ മരങ്ങളും പൊട്ടി വീണു. കൊവ്വൽ അമ്പലബസാറിലെ കണ്ണോത്ത് ശോഭയുടെ വീടിന് മുകളിലും തെങ്ങ് പൊട്ടി വീണു. അടുത്ത പറമ്പിലെ മരം പൊട്ടി വീണ് മൊറക്കാട്ട് ബാലന്റെ ശൗചാലയം തകർന്നു. വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ ജാതിമരം കടപുഴകി വീണു. കൊവ്വലിൽ വീടിന്റെ മേൽക്കൂരയിൽ നിന്നും അലുമിനിയം ഷീറ്റ് പാറി വൈദ്യുതി കമ്പിയിൽ പതിച്ചതിനെ തുടർന്ന് കമ്പികൾ പൊട്ടി. കെ വി കുഞ്ഞികൃഷ്ണന്റെ വീടിന് സമീപത്തേക്ക് അടുത്ത പറമ്പിൽനിന്നും പ്ലാവ് കടപുഴകി വീണു. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. ചീമേനി കരക്കാട് പുക്കലിൽ മരം പൊട്ടി വൈദ്യുതി കമ്പികൾക്ക് മേൽപതിച്ച് റോഡിന് കുറുകെ

വീണു. പെരിങ്ങോം അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റി. വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത്കുമാർ, പഞ്ചായത്തംഗം ശശികല, സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി വി ജനാർദനൻ എന്നിവർ സഥലം സന്ദർശിച്ചു.മുള്ളേരിയ കാറ്റിൽ കൂറ്റൻ അക്കേഷ്യാ മരം വീണ് കാടകം കർമംതൊടിയിലെ കാടകം വനിതാസഹകരണ സംഘം കെട്ടിടത്തിന് കേട്പാട്. നാട്ടുകാർ മരം നീക്കം ചെയ്തു. കാഞ്ഞങ്ങാട് കാറ്റിൽ നൂറുവർഷത്തിലധികം പഴക്കമുള്ള വൻമരം കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിനടുത്ത് താമസിക്കുന്ന കുമ്പള കോഹിനൂർ സ്കൂൾ അധ്യാപകൻ സി കുഞ്ഞികൃഷ്ണന്റെ വീടിന്റെ മുകളിൽ വീണു. ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം കുഞ്ഞികൃഷ്ണനും കുടുംബവും വീട്ടിൽ നിന്ന് മാറി താമസിച്ചിരുന്നു. മരം വീണ് മയ്യങ്ങാനത്തെ കെ ദാക്ഷായണിയുടെ വീടിന് കേടുപാട് സംഭവിച്ചു.രാജപുരംകള്ളാർ പഞ്ചായത്തിലെ ഒന്നാം മൈലിലെ

അന്നമ്മ കരോട്ട് പുളിക്കലിന്റെ ഷീറ്റിട്ട വീടിന് മുകളിലേക്ക് ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ ഒരുഭാഗം തകർന്നു. ഭിത്തികൾക്കും നാശനഷ്ടം സംഭവിച്ചു 

No comments