റാണിപുരത്ത് സഞ്ചാരികൾക്ക് വേണ്ടി അടിസ്ഥാന സൗകര്യ വികസനമില്ല ; അടഞ്ഞുകിടക്കുന്ന റാണിപുരത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് തുറന്നു കൊടുക്കണമെന്നാവശ്യം
രാജപുരം :രണ്ടുവർഷം മുമ്പ് അറ്റകുറ്റപണിയുടെ പേരിൽ അടച്ചിട്ട റാണിപുരത്തെ സർക്കാർ ക്വാർട്ടേഴ്സ് ഇതുവരെ തുറന്നില്ല. ക്വാർട്ടേഴ്സ് ലിസിന് കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ വന്നുപോകുന്ന കേരളത്തിന്റെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്ത് അടിസ്ഥാന സൗകര്യ വികസനമില്ലാത്തതിനാൽ സഞ്ചാരികൾ വലയുകയാണ്. അപ്പോഴാണ് നിലവിലുള്ള സർക്കാർ ക്വാർട്ടേഴ്സ് അടഞ്ഞുകിടക്കുന്നത്. സ്വകാര്യ ക്വാർട്ടേഴ്സുകൾ തോന്നുംപടി വാടക വാങ്ങി സഞ്ചാരികളെ പിഴിയുമ്പോൾ ചെറിയ വാടകയ്ക്ക് താമസിക്കാൻ കഴിയുന്ന ഡിടിപിസി നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്സും അനുബന്ധ സ്ഥാപനങ്ങളും രണ്ടുകോടി രൂപ മുടക്കി നവീകരിച്ചിട്ടും സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് സ്വകാര്യ ക്വാർട്ടേഴ്സ് ഉടമകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു വർഷം 20 ലക്ഷം രൂപയ്ക്ക് ക്വാർട്ടേഴ്സുകൾ നടത്തുന്നതിന് ലീസിന് കൊടുത്തുവെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല. അഞ്ച് വർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയ ചിൽഡ്രൻസ് പാർക്ക്, ആയൂർവേദ സ്പാ, ഓപ്പൺ തീയറ്റർ എന്നിവയുടെ പണിയും പൂർത്തിയായിട്ടില്ല. ഇതോടൊപ്പം സ്വിമ്മിങ് പൂളിന്റെ പണി പൂർത്തിയായെങ്കിലും വെള്ളമില്ല എന്ന കാരണം പറഞ്ഞ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. അഞ്ച് വർഷം മുമ്പാണ് ചിൽഡ്രൻസ് പാർക്കിന്റെ ഉൾപ്പെടെയുള്ള നിർമാണം നിർമിതി കേന്ദ്രയെ ഏൽപ്പിച്ചത്. ഇതിന്റെ ഭാഗമായി മണ്ണ് നീക്കുന്ന പ്രവൃത്തി മാത്രം നടത്തി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റു ചില ഏജൻസികളെ പണി ഏൽപ്പിച്ചെങ്കിലും അവരും തുടങ്ങിയടുത്തുതന്നെ നിർത്തി പോകുകയായിരുന്നു. ക്വാർട്ടേഴ്സ് മോഡിപിടിപ്പിക്കുന്നതിന് കോടികൾ ചിലവഴിച്ചിട്ടും പഴയപടി തന്നെയാണുള്ളത്. കരാർ പ്രകാരമുള്ള പണി അവിടെ നടന്നിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
No comments