വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി ഡൽഹിയിലും സമരം വരുന്നു
വെള്ളരിക്കുണ്ട്: വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തിയുള്ള വെള്ളരിക്കുണ്ടിലെ അനിശ്ചിതകാല സത്യാഗ്രഹത്തിൻ്റെ ന്യായം തങ്ങൾക്കു ബോധ്യപ്പെട്ടെന്നും ഈ സമരത്തിന് പിന്തുണയുമായി ദേശീയ തലത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡൻ്റ് സുഖ്ജിത് സിംഗ് ഹർദ്ദേ ചന്ദേ പ്രഖ്യാപിച്ചു. ഇക്കാര്യത്തിനായി ഉടൻ തന്നെ ദേശീയ തലത്തിലുള്ള മറ്റ് കർഷക സംഘടനകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ പത്തുമണിക്ക് വ്യാപാരഭവനിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷക സംഘടനാ പ്രതിനിധികളും പൗരാവകാശ പ്രവർത്തകരും കേരളത്തിൽ സമരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി. സത്യാഗ്രഹം അൻപതു ദിവസം പൂർത്തിയാക്കുന്ന ഒക്ടോ. 4 മുതൽ 11 വരെയുള്ള ഒരാഴ്ച ക്കുള്ളിൽ വെള്ളരിക്കുണ്ട് സത്യാഗ്രഹത്തിന് പിന്തുണയുമായി എല്ലാ ജില്ലകളിലും കലട്രേറ്റ് ധർണ്ണകൾ നടത്താനും, നവമ്പറിൽ സംസ്ഥാന തല പ്രചരണ വാഹന ജാഥാ സംഘടിപ്പിക്കാനും തീരുമാനിച്ചു. വന്യജീവിശല്യത്തിൻ്റെ കാര്യം രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റി വച്ച് ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഐക്യദാർഢ്യ സമ്മേളന മംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി. ബിജു അദ്ധ്യക്ഷതവഹിച്ചു. അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ, വിജയരാഘവൻ ചേലിയ, റോജർ സെബാസ്റ്റ്യൻ, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ ഗർവാസിസ് ഇരിട്ടി, ഷാജി തുണ്ടത്തിൽ ഷുക്കൂർ ക ണാജെ തുടങ്ങിയവർ സംസാരിച്ചു
വൈകിട്ട് 4 മണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ നടന്ന പ്രകടനത്തിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ കിസാൻ ഏകതാ പ്രസിഡൻ്റ് ലഖ്വിന്ദർ സിംഗ് ഔലാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചാബ് കിസാൻ സംഘർഷ് സമിതി സെക്രട്ടറി അംഗ്രേജ് സിംഗ് ബുട്ടേവാല , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ രാജു കട്ടക്കയം, ജോസ് മുത്തോലി, ഡോ. ജോൺസൻ അന്ത്യാ കുളം, അഡ്വ ബിനോയി തോമസ് തുടങ്ങിയവർ സംസാരിച്ചു. ജോസ് മണിയങ്ങാട്ട് സ്വാഗതവും തോമസ് ചെറിയാൻ കൃതജ്ഞതയും പറഞ്ഞു.
No comments