ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ഉറപ്പാക്കണം ; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വർഗ്ഗ മേഖലകളിൽ കമ്മീഷൻ സന്ദർശനം നടത്തി
വെള്ളരിക്കുണ്ട് : ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു. ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വര്‍ഗ്ഗ മേഖലകള്‍ സന്ദര്‍ശിച്ച് ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അനുശാസിയ്ക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. അരിങ്കല്ല് ഉന്നതിയിലെ ഊര് നിവാസികളുമായി ചെയര്‍മാന്‍ സംവദിച്ചു. ഉന്നതികളില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പലരും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതെന്നും യാത്രയ്ക്കായി തുക ചെലവാക്കേണ്ട സാഹചര്യം സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ബാധ്യതയായിത്തീരുന്നുവെന്നും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ഇടങ്ങളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ഊര് മൂപ്പനോട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
അംഗന്‍വാടികളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ട ലേബല്‍ പതിപ്പിക്കാത്തതായി കണ്ടെത്തുകയും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പാത്തിക്കരയിൽ പ്രവർത്തിക്കുന്ന 35 ആം നമ്പർ റേഷന്‍ കട, അടോട്ടുകയ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പരിശോധന ചുമതലയുള്ള ഉദ്യോഗസ്ഥര്‍അംഗനവാടികളിലെ പരിശോധനകള്‍ കൃത്യമായി നടത്താത്തത് ശ്രദ്ധയില്‍ പെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുന്നതിന് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭീമനടി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എ.ബാബു, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.അജിത്ത് കുമാര്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജിജി ജോണ്‍, ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെസീന്ത ജോണ്‍, പനത്തടി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ സലീം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
No comments