Breaking News

മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ് 71കാരന് ദാരുണാന്ത്യം


തൃശൂർ: ലഹരിക്ക് അടിമയായ മകൻ വാക്കേറ്റത്തിനിടെ അച്ഛനെ തള്ളിയിട്ടു.ചുമരിൽ തലയിടിച്ച് വീണ വയോധികൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി രാമു(71) വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതോടെ മണപ്പാട്ടെ വീട്ടിലാണ് സംഭവം. പ്രതി രാഗേഷി(35) നെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനാണ് കേസ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഗേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. മൂന്ന് ദിവസം മുമ്പ് രാഗേഷ് അമ്മയെ മർദ്ദിച്ചിരുന്നു. ഇതോടെ അമ്മ കാഞ്ചന ചാവക്കാട് മുത്തമ്മാവിലെ ബന്ധു വീട്ടിലേയ്ക്ക് പോയി. ഇതിന് പിന്നാലെ നാട്ടുകാരനായ ഒരാളുമായും ഇയാൾ വഴക്കുണ്ടാക്കി. അയൽവാസിയുടെ വേലി പൊളിച്ചിടുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയും മദ്യപിച്ചെത്തിയ രാഗേഷ് പിതാവുമായി വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിട അച്ഛനെ രാഗേഷ് നെഞ്ചിൽ പിടിച്ച് തള്ളുകയായിരുന്നു. ചുമരിൽ തലയിടിച്ച് വീണ രാമു അബോധാവസ്ഥയിലായെന്ന് മനസ്സിലായതോടെ രാഗേഷ് അമ്മയെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് രാമുവിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. പിന്നീട് രാമുവിന്റെ ഭാര്യ കാഞ്ചന പരാതിയിൽ പൊലീസ് മകനെ പിടികൂടി.

No comments