കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനം തുടങ്ങും അടുത്തയാഴ്ച മുതൽ വിദ്യാർഥികളെത്തും
കാസർകോട് : കാസർകോട് ഗവ. മെഡിക്കൽ കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ഉടൻ പ്രവർത്തനം തുടങ്ങും. കോളേജിൽ 50 എംബിബിഎസ് വിദ്യാർഥികൾക്ക് ഈ വർഷം പ്രവേശനം ലഭിക്കും. വിദ്യാർഥികൾ 22 മുതൽ എത്തും. ഒരുക്കം വിലയിരുത്താൻ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ ക്ലാസ് മുറികൾ സജ്ജമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ചെർക്കളയിൽ താൽക്കാലികമായി ഹോസ്റ്റൽ സൗകര്യം ഒരുക്കും. ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കൽ കോളേജിൽ മിനി കഫെറ്റേരിയ ആരംഭിക്കാൻ കുടുംബശ്രീ മിഷന് നിർദ്ദേശം നൽകി. ക്യാമ്പസിനകത്ത് വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് താൽക്കാലിക ഹോസ്റ്റൽ ഉപയോഗിക്കുക.ക്യാമ്പസിൽ പൊലീസ് എയ്ഡ്പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു. മെഡിക്കൽ കോളേജിലേക്ക് പൊതു ഗതാഗത സൗകര്യം വിലയിരുത്തി കൂടുതൽ സർവീസുകൾ
അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആർടിഒയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി 24ന് വൈകിട്ട് നാലിന് കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ബസ്സ് ഓണേഴ്സ് ക്യാബ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം ചേരും. പഠനാവശ്യത്തിനായുള്ള വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനം നവംബറിൽ പൂർത്തിയാക്കുമെന്ന് കെഎംഎസ് സിഎൽ പ്രതിനിധി അറിയിച്ചു. ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ബദിയഡുക്ക പഞ്ചായത്തിലെ രണ്ട് ഹരിതകർമസേനാംഗങ്ങളെ മാലിന്യനിർമാർജനത്തിന് സ്ഥിരമായി കോളേജിലേക്ക് ചുമതലപ്പെടുത്തും. മെഡിക്കൽ കോളേജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ ഓൺലൈനായി പങ്കെടുത്തു.
No comments