40 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി വ്യാജ വാറ്റുകാരൻ അറസ്റ്റിൽ
പയ്യന്നൂർ: 40 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. രാമന്തളി, കുരിശുമുക്ക്, കാഞ്ഞിരംവിള, പുത്തൻ വീട്ടിൽ സജീവ (48)നെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ വീടിനു സമീപത്തെ ഷെഡ് കേന്ദ്രീകരിച്ച് ചാരായവാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് ഷെഡിൽ റെയ്ഡ് നടത്തിയത്. കുപ്പികളിൽ ലിറ്റർ അളവിലും മൊത്തമായും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു എക്സൈസ് അധികൃതർ പറഞ്ഞു. നേരത്തെ രണ്ട് അബ്കാരി കേസുകളിൽ പ്രതിയാണ്. അസി. ഇൻസ്പെക്ടർമാരായ എ അസീസ്, എം കെ ജനാർദ്ദനൻ, സി ഇ ഒ മാരായ പി വി രാഹുൽ, പി ജസ്ന, പി വി അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
No comments