Breaking News

പിടിച്ചെടുത്ത വാഹനങ്ങൾ ആക്രിവിലയ്‌ക്ക്‌ ലേലം ചെയ്യും പൊലീസ് സ്‌റ്റേഷൻ 
 വളപ്പുകൾ ക്ലീനാകുന്നു...

കാസർകോട് : പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ തുരുമ്പെടുത്ത് നശിച്ച 194 വാഹനങ്ങൾ ആക്രി വിലയ്ക്ക് ലേലം ചെയ്യാൻ തീരുമാനം. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, മേൽപറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹൊസ്ദുർഗ്, ചിറ്റാരിക്കൽ, ചന്തേര സ്റ്റേഷനുകളിൽ സൂക്ഷിച്ച വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. വിവിധ കേസുകളിൽപെട്ട് പിടിയിലായ ഓട്ടോ, കാർ, ടെന്പോ, പിക്കപ്പ്, ടിപ്പർ, ലോറി, ബൈക്കുകൾ എന്നിവയ്ക്ക് പുറമെ വിവിധ ഗുഡ്സ് വാഹനങ്ങളും ലേലത്തിലുണ്ട്. അഞ്ചുവർഷത്തിനിടെ രണ്ടുതവണ ഇത്തരത്തിൽ ലേല നടപടി നടന്നിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ പലതും ദ്രവിച്ചു നശിച്ച് മണ്ണിനോട് ചേർന്നിരിക്കുന്നവയാണ്. ഇത്തരം വാഹനങ്ങൾ ആകി കച്ചവടക്കാർപോലും എടുക്കാൻ തയ്യാറാകുന്നില്ല. വാഹനങ്ങൾ സൂക്ഷിച്ചുവയ്ക്കാനാവാതെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ജില്ലയിലെ മിക്ക സ്റ്റേഷനുകളും. ഇത്തവണ ലേലം ചെയ്യുന്നവയിൽ 161 വാഹനങ്ങളും തകർന്ന് നാമാവശേഷമായവയാണ്. സ്ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവ ലേലം ചെയ്യുന്നത്. 33 വാഹനങ്ങൾ റണ്ണിങ് കണ്ടീഷൻ അല്ലാത്തവയാണ്. നിലവിൽ കേസിന്റെ നൂലാമാല പരിഹരിച്ചവയാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ഇ ലേലമാണ് നടക്കുന്നത്.കുമ്പള, കാസർകോട്, നീലേശ്വരം, ബദിയടുക്ക, മഞ്ചേശ്വരം, ഹൊസ്ദുർഗ് സ്റ്റേഷനിൽ മണലോടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് കാട് പടർന്ന് നശിക്കുന്നത്. നിരവധിയെണ്ണം കോടതിയിൽ കേസുള്ളവയാണ്. തീർപ്പായതും ഇതിലുണ്ട്. വാഹനം ദ്രവിച്ച് നശിച്ചതിനാൽ തീർപ്പായ വാഹനം ഏറ്റെടുക്കാനും ആവശ്യക്കാരെത്തുന്നില്ല. കൂടുതൽ വാഹനം ലേലത്തിൽ വയ്ക്കുന്നത് കാസർകോട് സ്റ്റേഷനിലാണ്. 52 എണ്ണം. മഞ്ചേശ്വരം (25), ബദിയടുക്ക (20), ഹൊസ്ദുർഗ് (23), ചന്തേര (21), കുന്പള (16), നീലേശ്വരം (17), രാജപുരം (7), മേൽപറന്പ് (5), ബേഡകം (4), ചിറ്റാരിക്കാൽ (2), അന്പലത്തറ (2) എന്നിങ്ങനെയാണ് വാഹനങ്ങളുടെ എണ്ണം.ഇത്തരത്തിൽ ലേലം നടന്നാലും വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ച നൂറുകണക്കിന് വാഹനങ്ങൾ ബാക്കിയുണ്ടാകും. ഇവയുടെ ലേല നടപടി പൂർത്തിയാകുന്പോഴേക്കും മഴയും വെയിലുംകൊണ്ട് എല്ലാം നശിക്കും.

No comments