പശുവളർത്തൽ മാത്രമല്ല, പാൽവിൽപ്പനയും വഴങ്ങും രാജപുരം ഒന്നാംമൈലിലെ ഈ കർഷകന്...
രാജപുരം: അധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നുവന്നപ്പോൾ കറന്നെടുക്കുന്ന പാലിന് സ്വന്തമായി മാർക്കറ്റ് കണ്ടെത്തുകയാണ് ക്ഷീരകർഷകൻ. രാജപുരം ഒന്നാംമൈലിലെ പുല്ലാഴിയിൽ ചാക്കോയാണ് ശുദ്ധവും ഗുണമേന്മയുമുള്ള പശുവിൻപാലും പാലുത്പന്നങ്ങളും വിപണിയിലെത്തിച്ച് വ്യത്യസ്തനായത്. സ്വന്തം ഫാമിൽനിന്നുള്ള പാൽ ക്ഷീരസഹകരണ സംഘം വഴിയായിരുന്നു ചാക്കോ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ കാലാകാലങ്ങളിൽ പാൽവിലയുമായി ബന്ധപ്പെട്ട ചാർട്ട് മിൽമ പരിഷ്കരിക്കുന്നില്ല. അതിനാൽ അധ്വാനത്തിന് അനുസൃതമായ ന്യായവില ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ലെന്ന് ചാക്കോ പറയുന്നു. ആ തിരിച്ചറിവിൽനിന്നാണ് സ്വന്തം ബ്രാൻഡിൽ പാലും പാലുത്പന്നങ്ങളും മാർക്കറ്റിലെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് കാര്യങ്ങൾ വിശദമായി പഠിച്ചത്.
ഗുണമേന്മയും ശുദ്ധവുമായ പാലും പാലുത്പന്നങ്ങളും ആവശ്യക്കാർക്ക് നൽകാനായാൽ സംരംഭം വിജയിക്കുമെന്ന് ഉറപ്പാക്കി. അതോടെ പാൽ ശീതീകരണയന്ത്രവും ഓട്ടോമാറ്റിക് പാക്കിങ് മെഷീനുമടക്കമെത്തിച്ച് വീടിനോടുചേർന്ന് തന്നെ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ പുല്ലാഴിയിൽ ഡെയറി പ്രോഡക്ട്സിന് തുടക്കമിടുകയായിരുന്നു. രാജപുരം മിൽക്ക് എന്ന പേരിൽ പ്രതിദിനം 250 ലിറ്റർ പാലാണ് നിലവിൽ പായ്ക്കറ്റുകളിലാക്കി വില്പനയ്ക്കെത്തിക്കുന്നുത്.
പാണത്തൂർ മുതൽ ഒടയംചാൽ വരെയുള്ള മലയോരത്തെ വ്യാപാരകേന്ദ്രങ്ങളിലെ വ്യാപാരികളാണ് ആവശ്യക്കാർ.
No comments