ബിരിയാണിക്ക് ഒപ്പം നൽകുന്ന കച്ചംബർ കിട്ടാത്തതിന്റെ വിരോധത്തിൽ കാറ്ററിംഗ് ജോലിക്കാരെ മർദ്ദിച്ചു ; സംഭവം കാസർഗോഡ്
കാസർകോട്: ബിരിയാണിക്ക് ഒപ്പം നൽകുന്ന കച്ചംബർ (സാലഡ്) കിട്ടാത്തതിന്റെ വിരോധത്തിൽ കാറ്ററിംഗ് ജോലിക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. പേരാൽ കണ്ണൂർ സ്വദേശിയെയും കൂടെ ജോലിക്ക് എത്തിയ യുവാവിനെയുമാണ് മർദ്ദിച്ചത്.
21കാരന്റെ പരാതിയിൽ അബ്ബാസ്, മഹ്മൂദ് എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സീതാംഗോളിയിലെ ഒരു ഓഡിറ്റോറിയത്തിലാണ് കേസിനാസ്പദമായ സംഭവം.
21കാരൻ വിദ്യാർത്ഥിയാണ്. പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ഞായറാഴ്ചകളിൽ ഭക്ഷണ വിതരണ ജോലിക്ക്
പോകുന്നതെന്നു പറയുന്നു. ഞായറാഴ്ച നടന്ന കല്യാണത്തിന്റെ കാറ്ററിംഗ് ജോലി ഏറ്റെടുത്തത് പരാതിക്കാരനായിരുന്നു. മൂന്നു മണിയോടെ കച്ചംബർ തീരുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ പ്രതികളായ രണ്ടുപേരും കച്ചംബർ ആവശ്യപ്പെട്ടുവത്രെ. തീർന്നു പോയെന്നു പറഞ്ഞപ്പോൾ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
No comments