കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം
തൃശൂർ: ചരക്ക് ലോറി തട്ടി കാറിനു മുകളിലേക്ക് പൊട്ടി വീണ മരകൊമ്പ് കുത്തികയറി കാർ യാത്രക്കാരിയായ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണു (27) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിന് അപകടത്തിൽ പരിക്കേറ്റു. എടപ്പാൾ കെവിആർ ഓട്ടോമോബൈൽസിലെ ജീവനക്കാരിയാണ് ആതിര.
കോഴിക്കോട് ഭാഗത്തു നിന്ന് വന്നിരുന്ന ലോറി റോഡരികിൽ നിന്ന വാക മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്ത് പുറത്തേക്ക് വന്ന നിലയിലാണ്. അപകടം നടന്ന ഉടനെ തന്നെ റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയുംതൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല.
No comments