Breaking News

ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആഘോഷങ്ങൾക്ക് നിറം പകരാൻ വിപണികൾ സജീവമാക്കി മലയോരം


വെള്ളരിക്കുണ്ട് : ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആഘോഷങ്ങൾക്ക് നിറം പകരാൻ മലയോരത്തെ വിപണികൾ സജീവം. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വ്യാപാരസ്ഥാപനങ്ങളിൽ നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കാനുള്ള സാധനങ്ങൾ റെഡി. എൽഇഡി നക്ഷത്രങ്ങളാണ് മുൻവർഷത്തെ പോലെ ഇത്തവണയും താരം. ഇത്തവണ വിവിധ വർണങ്ങൾ തെളിയുന്ന ഫൈബർ ട്യൂബുകളും എത്തിയിട്ടുണ്ട്. കൂടാതെ ക്രിസ്മസ് പപ്പയെ കെട്ടുന്ന പെൺകുട്ടികൾക്കായി മുടി പിന്നിയിട്ട ലട്കി തൊപ്പി, തിളങ്ങുന്ന ചൈനീസ് തൊപ്പി, പ്രത്യേക കണ്ണടകൾ തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്. വിവിധ നിറത്തിലും ആകൃതിയിലുമുള്ള എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. പേപ്പർ നക്ഷത്രങ്ങൾക്ക് പൊതുവെ ഡിമാൻഡ് കുറവാണ്. 150 രൂപ മുതൽ 2000 രൂപ വരെയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പുൽക്കൂട് ഒരുക്കുന്നതിനുള്ള രൂപങ്ങളും, ക്രിസ്മസ് ട്രീ, അലങ്കാര വസ്തുക്കൾ, വിവിധ തരം തോരണങ്ങൾ, എൽഇഡി കളർ ബൾബുകൾ എന്നിങ്ങനെ എല്ലാ സാധനസാമഗ്രികളും പുതിയ രൂപത്തിൽ കടകളിലെത്തിയിട്ടുണ്ട്. എൽഇഡി നക്ഷത്രങ്ങൾ വന്നതോടെ കൂടുതൽ കാലം ഉപയോഗിക്കാമെന്നത് വ്യാപാരത്തെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഒരിക്കൽ എൽഇഡി നക്ഷത്രങ്ങൾ വാങ്ങുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഉപയോഗിക്കും. പലയിടത്തും വീടുകൾക്ക് മുന്പിൽ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതിൽ പലതും മുൻവർഷത്തേതാണ്. ഡിസംബർ പകുതിയായിട്ടും വിപണിയിൽ കാര്യമായ ചലനമില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്കൂൾ പരീക്ഷ കഴിയുന്നതോടെ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ ഡിസംബർ രണ്ടാംവാരം പിന്നിടുന്നതോടെയാണ് ക്രിസ്മസ് വിപണി ഏറ്റവുമധികം സജീവമാവുക. ക്രിസ്മസ് ആഘോഷങ്ങളും മറ്റും ആരംഭിക്കുന്നതോടെ അതിന്റെ പ്രതിഫലനം വിപണിയിലുമുണ്ടാകുമെന്ന് കച്ചവടക്കാർ പ്രതീക്ഷിക്കുന്നു.

No comments