ബോംബെ സിനിമയുടെ മുപ്പതാം വാർഷികാഘോഷം ; ചലച്ചിത്ര പ്രവർത്തകരായ മണി രത്നവും മനീഷ കൊയ്‌രാളയും ബേക്കൽ കോട്ടയിൽ എത്തി
കാസർകോട് : ബോംബെ സിനിമയുടെ മുപ്പതാം വാർഷികാഘോഷത്തിനായി വിഖ്യാത ചലച്ചിത്ര പ്രവർത്തകരായ മണി രത്നവും മനീഷ കൊയ്രാളയും ശനിയാഴ്ച രാവിലെ ബേക്കൽ കോട്ടയിൽ എത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരുവരെയും സ്വീകരിച്ചു.
30 വർഷം മുമ്പ് ഷൈലാബാനുവായി അഭിനയിച്ച കോട്ടക്കൊത്തളങ്ങളിൽ മനീഷ കൊയ്രാള വിണ്ടും കാലുകുത്തിയപ്പോൾ അത് ചരിത്ര നിമിഷമായി മാറി. 'ഉയിരേ..' എന്നു തുടങ്ങുന്ന നിത്യഹരിത ഗാനത്തിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ മനീഷ കൊയ്രാളെയെയും സംവിധായകൻ മണിരത്നത്തെയും 30 വർഷങ്ങൾക്കു പിന്നിലേയ്ക്ക് കൊണ്ടുപോയി.
തളങ്കരയുടെ സൗന്ദര്യവും മണിരത്നം ബോംബെ സിനിമയിൽ പ്രയോജനപ്പെടുത്തിയിരുന്നു. അരവിന്ദ് സ്വാമി അവതരിപ്പിച്ച ശേഖറിന്റെയും മനീഷ കൊയ്രാള അഭിനയിച്ച ഷൈലാബാനുവിന്റെയും വീടും ട്രെയിൻ ഇറങ്ങി വരുന്ന നായകൻ, തോണി ഇറങ്ങിവരുന്ന നായികയെ ആദ്യം കാണുന്നതുമായ രംഗങ്ങൾ ചിത്രീകരിച്ചതും തളങ്കരയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിൽ മണി രത്നവും മനീഷ കൊയ്രാളയും മുഖ്യാതിഥികൾ ആയിരിക്കും.
No comments